സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ഇന്ന് ചേരും; നാളെ ജില്ല കമ്മിറ്റി
text_fieldsതൃശൂർ: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ശനിയാഴ്ചയും ജില്ല കമ്മിറ്റി യോഗം ഞായറാഴ്ചയും ചേരും. രണ്ടിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുമെന്നാണ് വിവരം. ശനിയാഴ്ച പൊലീസ് അക്കാദമിയിൽ എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരിലുണ്ട്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾ നടക്കുകയാണ്. മറ്റു ചില ജില്ലകളെ അപേക്ഷിച്ച് പാർട്ടിയിൽ കാര്യമായ തലവേദന ഇല്ലാത്ത ജില്ലയാണ് തൃശൂർ. ചേലക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെയും തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നാട്ടിക പഞ്ചായത്തിൽ ഭരണം നഷ്ടപ്പെടാവുന്ന വാർഡ് തോൽവിയുടെയും പശ്ചാത്തലത്തിലാണ് സമ്മേളനങ്ങൾ ചേരുന്നത്. ചേലക്കരയിലെ ജയം ആശ്വാസമായെങ്കിലും നേരിട്ട പ്രശ്നങ്ങളും നാട്ടികയിൽ ഉണ്ടായ നാണക്കേടും പാർട്ടിയിൽ ഇതിനകം ചർച്ചയാണ്. ഏരിയ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജില്ല സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ പരിശോധിക്കപ്പെട്ടേക്കും.
സി.പി.എം തൃശൂർ ഏരിയ സമ്മേളനം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാട്ടുരായ്ക്കൽ നളിനം ഓഡിറ്റോറിയത്തിൽ നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനവും ബുധനാഴ്ച പൂങ്കുന്നം ശിവക്ഷേത്ര മൈതാനിയിൽ പൊതുസമ്മേളനവും ചേരും. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ, എം.കെ. കണ്ണൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജൻ എന്നിവർ പങ്കെടുക്കും. 11 ലോക്കൽ കമ്മിറ്റികളിൽനിന്നായി 165 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുസമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് നാലിന് പാട്ടുരായ്ക്കൽ സെന്ററിൽനിന്ന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.