സി.പി.എം തൃശൂർ ഏരിയ സമ്മേളനം: നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പ്രതിനിധികൾ
text_fieldsതൃശൂർ: സംസ്ഥാന ജില്ല നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് സി.പി.എം തൃശൂർ ഏരിയ സമ്മേളനം. ജില്ല സമ്മേളനത്തിന് വേദിയാവുന്ന തൃശൂർ ഏരിയ സമ്മേളനമാണ് ഞായറാഴ്ച തുടങ്ങിയത്. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സംസ്ഥാന - ജില്ല നേതൃത്വങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.
കരുവന്നൂർ സഹകരണ ബാങ്ക് തന്നെയായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഏറെ സമയം കവർന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ തട്ടിപ്പുകാർക്ക് ലഭിച്ചതായി സംശയിക്കേണ്ടതുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉയർത്തി. തൃശൂർ നഗരത്തിലെ പ്രധാന ബാങ്കായ മൂസ്പെറ്റ് സഹകരണ ബാങ്കിലെ ക്രമക്കേടും നേതാക്കളോട് പരാതിപ്പെട്ടിട്ടും കണ്ടഭാവം നടിച്ചില്ലെന്ന് പ്രതിനിധികൾ വിമർശിച്ചു.
പാർട്ടിയെ പൊതുസമൂഹത്തിൽ അപമാനിതമാക്കും വരെ നേതാക്കൾ മൂടിവെച്ച് നടന്നുവെന്ന കടുത്ത വിമർശനവുമുയർന്നു. നേതാക്കളുടെ വഴിവിട്ട ജീവിത രീതിയും മോശം പെരുമാറ്റവും പ്രതിനിധികൾ ഉന്നയിച്ചു. മുതിർന്ന നേതാവിൽ നിന്നും വനിതകൾക്ക് നേരെയുണ്ടായ സമീപനത്തിൽ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ നാണക്കേടുണ്ടാവുമെന്ന് പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ദിനേനയുയരുന്ന വിവാദങ്ങൾ പാർട്ടിക്കും സർക്കാറിനും അവമതിപ്പുണ്ടാക്കുന്നതാണ്. കോൺഗ്രസിൽ തമ്മിൽത്തല്ല് തീർക്കാൻ കഴിയാത്തതിനാലാണ് രക്ഷപ്പെട്ട് പോകുന്നതെന്നും പ്രതിനിധികൾ പറഞ്ഞു.
പൊലീസ് പെരുമാറ്റവും കോർപറേഷൻ ഭരണവും ചർച്ചയിൽ ഉയർന്നു. ചർച്ച തിങ്കളാഴ്ചയും തുടരും അതിന് ശേഷം പ്രവർത്തന റിപ്പോർട്ടിലും സംഘടന മറുപടിക്കും ശേഷം പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ സെക്രട്ടറി കെ. രവീന്ദ്രൻ തുടരാനാണ് സാധ്യത. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പുതിയ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുമെന്നാണ് സൂചന. സമ്മേളനം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
എ.ആർ. കുമാരൻ അധ്യക്ഷത വഹിച്ചു. ടി. സുധാകരൻ രക്തസാക്ഷി പ്രമേയവും കെ.എസ്. സെന്തിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ. ബിജു, എം.കെ. കണ്ണൻ, ജില്ല സെക്രട്ടറിേയറ്റംഗങ്ങളായ യു.പി. ജോസഫ്, പി.കെ. ഷാജൻ, ജില്ല കമ്മിറ്റിയംഗം മന്ത്രി ആർ. ബിന്ദു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്തസാക്ഷി ഇ.കെ. ബാലെൻറ മാതാവ് കെ. ഗംഗ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ അനൂപ് ഡേവീസ് കാട സ്വാഗതം പറഞ്ഞു. 11 ലോക്കൽ കമ്മിറ്റികളിൽനിന്ന് 145 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. തിങ്കളാഴ്ച സമ്മേളനം സമാപിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസമ്മേളനം ഒഴിവാക്കിയാണ് ഇത്തവണ സമ്മേളനം.
കോൺഗ്രസ് വിമതൻ 'മേയർ' സി.പി.എം സമ്മേളനത്തിൽ
തൃശൂർ: സി.പി.എം ഏരിയ സമ്മേളനത്തിെൻറ ഉദ്ഘാടന സമ്മേളനത്തിൽ കോർപറേഷൻ മേയർ എം.കെ. വർഗീസും. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരിച്ച് ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ വർഗീസിനെ കൂടെ നിറുത്തിയാണ് സി.പി.എം കോർപറേഷനിൽ തുടർഭരണം നടത്തുന്നത്. ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിലുള്ള ഭരണം തുലാസിലുള്ളതാണ്.
തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും കോൺഗ്രസിന് വേണ്ടി വർഗീസ് കാത്തിരുന്നുവെങ്കിലും വാഗ്ദാനങ്ങളിൽ തൃപ്തിയില്ലാത്തതിനെ തുടർന്നായിരുന്നു ഇടതുപക്ഷത്തോടൊപ്പം കൂടിയത്. മേയറാക്കിയാണ് സി.പി.എം വർഗീസിനെ കൂടെ നിറുത്തിയത്. ആദ്യ രണ്ട് വർഷമെന്നതായിരുന്നു ധാരണയെങ്കിലും മുൻ പ്രതിപക്ഷ നേതാവിെൻറ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഡിവിഷനിൽ വിജയം നേടാനാവുമെന്നും പിന്നെ ഭരണം നിലനിറുത്താനാവുമെന്നുമാണ് കരുതിയിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പിൽ ഡിവിഷൻ യു.ഡി.എഫ് പിടിച്ചതോടെ അഞ്ച് വർഷവും വർഗീസിനെ മേയറാക്കി ഭരണം തുടരേണ്ട സാഹചര്യത്തിലാണ്. ഇടതുപക്ഷത്തിന് 25ഉം കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്. ഭരണം നഷ്ടപ്പെടാതിരിക്കാൻ വർഗീസിനെ കൂടെ ഉറപ്പിച്ച് നിറുത്തുകയെന്ന തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഉദ്ഘാടന സമ്മേളന വേദിയിലാണ് വർഗീസിന് ഇരിപ്പിടം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.