തൃശൂർ മേയർക്കെതിരായ വിമർശനം; സി.പി.ഐയുടേത് പരസ്യ മുന്നറിയിപ്പ്
text_fieldsതൃശൂർ: തങ്ങളുടെ കൂടി പിന്തുണയോടെ തൃശൂർ കോർപറേഷൻ ഭരിക്കുന്ന മേയർക്കെതിരെ സി.പി.ഐ പരസ്യമായി രംഗത്ത്. മേയർ പദവി ഒഴിയണം എന്ന് അർഥശങ്കക്ക് ഇടയില്ലാത്ത വിധം സി.പി.ഐ ആവശ്യപ്പെട്ടത് ഇനിയും മിണ്ടാതിരുന്നാൽ കാലിനടിയിലെ അവസാന തരിയും ഒലിച്ചുപോകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തൽ.
ഭരണസമിതി കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലധികം മാത്രമുള്ളപ്പോഴാണ് എൽ.ഡി.എഫിലെ പ്രതിസന്ധി പ്രകടമാവുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ തൃശൂരിൽ തോറ്റതിന്റെ പല കാരണങ്ങളിലൊന്ന് മേയർ എം.കെ. വർഗീസിന്റെ സുരേഷ് ഗോപി അനുകൂല നിലപാടാണെന്ന് സി.പി.ഐ രഹസ്യമായി പറഞ്ഞതാണ് ഇപ്പോൾ പരസ്യമായത്. തെരഞ്ഞെടുപ്പിന് മുമ്പ് മേയർ നടത്തിയ പല പരമാർശങ്ങളും എൽ.ഡി.എഫിന് കടുത്ത തലവേദനയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി യോഗത്തിൽ വി.എസ്. സുനിൽ കുമാർ തന്നെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോൾ തുടർ ഭരണം ഉറപ്പാക്കാനാണ് കോൺഗ്രസ് വിമതനായി ജയിച്ച എം.കെ. വർഗീസിനെ മേയർ സ്ഥാനത്തേക്ക് പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചത്. ഇതുപ്രകാരം രണ്ട് വർഷം കഴിയുമ്പോൾ മേയർ ഒഴിയണമെന്ന വാക്കാൽ ധാരണ സി.പി.എം മുന്നോട്ട് വെച്ചിരുന്നു. അത് നടപ്പായില്ലെന്ന് മാത്രമല്ല, ഭരണം വീഴരുതെന്ന ആഗ്രഹം കാരണം ‘തട്ടിമുട്ടി’ കാര്യങ്ങൾ നീക്കാനാണ് സി.പി.എം ഇപ്പോഴും ശ്രമിക്കുന്നത്. പ്രത്യേകിച്ച് ഞാണിന്മേൽ നീങ്ങുന്ന കോർപറേഷൻ ഭരണം പിടിക്കാൻ കോൺഗ്രസ് സാധ്യമായ മാർഗങ്ങളിലെല്ലാം നീങ്ങുമ്പോൾ ഏത് വിധേനയും കാലാവധി അവസാനിപ്പിക്കണമെന്ന രീതിയിലാണ് സി.പി.എം നീങ്ങുന്നത്.
സി.പി.എമ്മിനോടും എൽ.ഡി.എഫിനോടുമുള്ള ‘ആഭിമുഖ്യം’ ഇടക്കിടക്ക് പറയുമെങ്കിലും തന്റെ രീതികളിൽനിന്ന് മാറാൻ മേയർ എം.കെ. വർഗീസ് തയാറാകുന്നില്ല. 55 അംഗ കൗൺസിലിൽ മേയറുൾപ്പെടെ 25 പേരാണ് ഭരണ പക്ഷത്തുള്ളത്. 24 അംഗങ്ങൾ കോൺഗ്രസിനും ആറ് പേർ ബി.ജെ.പിക്കുമുണ്ട്. മേയർ എൽ.ഡി.എഫിനോട് പിണങ്ങി രാജിവെച്ചാൽ ഭരണം തുലാസിലാകും.
സി.പി.ഐ ഭയക്കുന്നത് ‘നാളെ’
തൃശൂർ നിയമസഭ മണ്ഡലം കോർപറേഷൻ പരിധിയാണ്. മുന്നണിയിൽ തൃശൂർ നിയമസഭ മണ്ഡലം സി.പി.ഐക്കുള്ളതാണ്. മുൻകാലങ്ങളിൽ കോൺഗ്രസ് തുടർച്ചയായി ജയിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയും സി.പി.ഐയാണ് ജയിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തേരോട്ടത്തിൽ തൃശൂർ നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോർപറേഷൻ ഭരണത്തിന്റെ അവസ്ഥ ഇതാണെങ്കിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന ചിന്ത സി.പി.ഐയെ ഭയപ്പെടുത്തുന്നുണ്ട്.
സി.പി.എമ്മിന്റെ ‘ധർമസങ്കടം’
കാറിൽ പോകുമ്പോൾ വഴിയോരത്തെ പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന ആദ്യ പ്രസ്താവന മുതൽ തലവേദനകൾ മാത്രം നൽകിയ കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ മേയർ സ്ഥാനത്ത് ‘ചുമക്കാൻ’ വിധിക്കപ്പെട്ട സി.പി.എമ്മിന്റെ പ്രശ്നം ഭരണം നിലനിർത്തുകയെന്ന മോഹം മാത്രമാണ്. എൽ.ഡി.എഫിന് വേണ്ടെങ്കിൽ വേറെ മാർഗമുണ്ടെന്നും അവിടെയും തനിക്ക് ‘വെയ്റ്റ്’ ഉണ്ടെന്നും മേയർക്ക് അറിയുന്നതുപോലെ സി.പി.എമ്മിനുമറിയാം. മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലക്ക് ഭരണസമിതികൾ തങ്ങൾക്ക് അനുകൂലമായി നിലനിർത്തുകയെന്ന ‘ഭാരിച്ച ഉത്തരവാദിത്വം’ കാരണമാണ് സി.പി.എം ഭൂമിയോളം താഴുന്നത്.
ഡെപ്യൂട്ടി മേയർ പദവിയും കിട്ടാതെ സി.പി.ഐ
മൂന്നര കൊല്ലം പിന്നിട്ട എൽ.ഡി.എഫ് ഭരണത്തിൽ നാല് അംഗങ്ങളുള്ള സി.പി.ഐക്ക് ലഭിച്ചത് ടാക്സ് അപ്പീൽ കമ്മിറ്റി മാത്രം. ഒരു വർഷം മുമ്പ് ഡെപ്യൂട്ടി മേയർ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അന്ന് ആ സ്ഥാനത്തേക്ക് പാർട്ടിയിൽനിന്ന് ഒന്നിലധികം പേർ രംഗത്ത് വന്നതോടെ സി.പി.എം സ്വതന്ത്ര എം.എൽ. റോസിയെ ഡെപ്യൂട്ടി മേയറാക്കി. മേയറും ഡെപ്യൂട്ടി മേയറും കിട്ടിയ പദവി ഒഴിയാൻ തയാറുമല്ല. ഒരംഗം മാത്രമുള്ള കക്ഷികൾക്ക് പോലും പ്രാധാന്യമുള്ള സ്ഥിരം സമിതികൾ നൽകിയപ്പോഴാണ് തങ്ങളെ താരതമ്യേന അപ്രധാനമായ ടാക്സ് അപ്പീൽ കമ്മിറ്റിയിലേക്ക് ‘ഒതുക്കിയ’തെന്ന വികാരം സി.പി.ഐക്കുണ്ട്. എൽ.ഡി.എഫ് ധാരണ പ്രകാരം ഒരു വർഷം ഡെപ്യൂട്ടി മേയർ സ്ഥാനവും ഒരു വർഷം മേയർ സ്ഥാനവും സി.പി.ഐക്ക് ലഭിക്കേണ്ടതായിരുന്നു.
ഇങ്ങനെ പോകാനാണെങ്കിൽ ഇനി കൗൺസിൽ യോഗത്തിനില്ലെന്ന്
അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിക്കാതെ ഇതുപോലെ കാലാവധി കഴിക്കാനാണെങ്കിൽ ഇനി കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനമാണ് സി.പി.ഐ ജില്ല നേതൃത്വം കൗൺസിലർമാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മേയർ അടിയന്തിര കൗൺസിൽ വിളിച്ചെങ്കിലും സി.പി.ഐ ബഹിഷ്കരിക്കുമെന്ന് അറിഞ്ഞതോടെ മാറ്റിവെച്ചു. സി.പി.ഐ കൗൺസിൽ പങ്കെടുത്തില്ലെങ്കിൽ ഭരണപക്ഷം അക്ഷരാർഥത്തിൽ ന്യൂനപക്ഷമാകും.
ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ രാജിവെക്കണം -കോൺഗ്രസ്
തൃശൂർ: മേയർ എം.കെ. വർഗീസിനോട് രാജിവെക്കാൻ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ സി.പി.ഐ പിന്തുണ മേയർക്ക് നഷ്ടപ്പെട്ടുവെന്ന് കോർപറേഷൻ പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നരവർഷം നടത്തിയ അഴിമതികളുടെ പങ്കുപറ്റിയ സി.പി.എം ജില്ല നേതൃത്വത്തിന് മേയറെ നിലനിർത്തേണ്ടത് ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.