വിട്ടുവീഴ്ചകൾ തിരിച്ചടിയാകുമെന്ന് സി.പി.ഐയിൽ വിമർശനം
text_fieldsതൃശൂർ: പൂരം കലക്കലും തൃശൂരിലെ പരാജയവും, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടിയില്ലാത്തത്, ഡെപ്യൂട്ടി മേയർ സ്ഥാനം പോലും ലഭ്യമാക്കാൻ കഴിയാത്ത വിധമുള്ള നേതൃതല പിടിപ്പുകേട്....
ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായിട്ടും പാർട്ടിക്ക് വിട്ടുവീഴ്ചകളേറെ സഹിക്കേണ്ടിവരുന്നതിലെ പ്രതിഷേധം തൃശൂർ സി.പി.ഐയിൽ പുകയുന്നു. ജില്ലയിൽ നിന്ന് റവന്യൂ മന്ത്രി, നാല് എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ ഉണ്ടായിട്ടും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നേതൃത്വം പരാജയമാണെന്ന അഭിപ്രായത്തിലാണ് അണികൾ.
തൃശൂരിൽ വി.എസ്. സുനിൽ കുമാറിന്റെ വ്യക്തിപ്രഭാവവും മണ്ഡല പരിചയവും വിജയം സുനിശ്ചിതമാക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനായി പൊലീസ് സംവിധാനത്തെ തന്നെ ദുരുപയോഗപ്പെടുത്തിയെന്ന വാർത്തകൾ സി.പി.ഐ നേതൃത്വത്തെയും പാർട്ടി അണികളെയും ഞെട്ടിച്ചിരിക്കുകയാണ്. പൂരം കലക്കുന്നതിന് മുന്നോടിയായി സി.പി.എം നേതാക്കൾ സംഘ്പരിവാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന സി.പി.ഐ ജില്ലാ നേതാവിന്റെ ആരോപണവും ഈ സാഹചര്യത്തിലാണ്.
പൂരം കലക്കാൻ ആസൂത്രിതശ്രമം നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.എസ്. സുനിൽ കുമാർ തന്നെ രംഗത്തെത്തിയിരുന്നു. സമാന ആവശ്യം ഉന്നയിച്ച് മന്ത്രി കെ. രാജനും രംഗത്തെത്തി. എന്നാൽ, ആവശ്യം കേട്ടതായി മുഖ്യമന്ത്രിയോ സി.പി.എമ്മോ ഭാവിച്ചിരുന്നില്ല. എ.ഡി.ജി.പിയെ മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
എ.ഡി.ജി.പിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചത് സി.പി.ഐ ജില്ല നേതൃത്വത്തിന് നേരിയ ആശ്വാസമായിട്ടുണ്ട്. സി.പി.ഐയുടെ കൂടി ആനുകൂല്യത്തിൽ മേയറായ എം.കെ വർഗീസ് ബി.ജെ.പിയെയും സുരേഷ് ഗോപിയെയും പ്രശംസിച്ച് നിരന്തരം രംഗത്തെത്തുന്നതും അണികളിൽ ചർച്ചയാകുന്നുണ്ട്.
മുൻ ധാരണ പ്രകാരം മേയർ സ്ഥാനം ഒഴിയേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ഇനിയും ഒഴിയാൻ തയാറായില്ലെങ്കിൽ സി.പി.ഐ കൗൺസിലർമാരെങ്കിലും പിന്തുണ പിൻവലിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.