അതിരപ്പിള്ളിയിൽ മുതലകൾ പെരുകുന്നു; വിനോദസഞ്ചാരികൾക്ക് ആശങ്ക
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയിൽ ചാലക്കുടിപ്പുഴയിൽ മുതലകളുടെ എണ്ണം പെരുകുന്നു. ഇത് വിനോദ സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമോയെന്ന് ആശങ്ക. സാധാരണയായി ഇവ പ്രത്യക്ഷപ്പെടുന്നത് രാവിലെയാണ്. രാത്രിയിൽ ആനമല റോഡിലും ഇവ അപൂർവമായി കാണാറുണ്ട്. ആദിവാസികളും മറ്റുമാണ് ഇവയെ കൂടുതലായി കാണാറ്. വെയിൽ കാഞ്ഞ് പുഴയിലെ പാറക്കെട്ടുകളിൽ കിടക്കുന്നത് സാധാരണ കാഴ്ചയാണ്.
ഇതുവരെയും വിനോദ സഞ്ചാരികളെ ആക്രമിച്ചതായി റിപ്പോർട്ടില്ലെങ്കിലും ഇവയുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം, ഭക്ഷണത്തിന് നേരിടുന്ന ക്ഷാമം എന്നിവ ഇവയെ അക്രമാസക്തരാക്കിയേക്കാം. പുഴയിലെ മീനുകളും മറ്റുമാണ് ഭക്ഷണം. എന്നാൽ, ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇവ മറ്റു ജന്തുക്കളെയും ആക്രമിച്ചേക്കാമെന്ന് ഭയക്കുന്നു. ചിമ്മിനി മേഖലയിൽ ചീങ്കണ്ണികൾ ഉണ്ടെങ്കിലും അതിരപ്പിള്ളിയിൽ മുതലകൾ കണ്ടിരുന്നില്ല.
ഏതാനും വർഷം മുമ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിെൻറ അടിവശത്ത് ഒരു ചത്ത മുതലയെ കണ്ടിരുന്നു. രണ്ട് വർഷം മുമ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഒരു വീടിനുള്ളിൽ മുതല എത്തിയതും വനപാലകർ അതിനെ പിടികൂടിയതും വാർത്തയായിരുന്നു. കണ്ണംകുഴി മേഖലയിലാണ് മുതലകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട് ഉള്ളത്. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദം വെള്ളച്ചാട്ടത്തിന് മുകളിലെ പുഴയിലും തുമ്പൂർമുഴി ഭാഗത്തെ പുഴയിലും നീരാടുകയെന്നതാണ്. ഇവിടെ സുരക്ഷിതമാണെന്നാണ് നിലവിലുള്ള ധാരണ.
വനപാലകർ ഇടപെട്ട് മുതലകളെ മാറ്റിപ്പാർപ്പിക്കാനും അവയുടെ പെരുപ്പം നിയന്ത്രിക്കാനും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാരത്തെ ബാധിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.