പണി തന്ന് വളവും വിളയും; കർഷകർക്ക് ദുരിതം തന്നെ
text_fieldsതൃശൂർ: വളത്തിന് വലിയ വിലക്കയറ്റവും ലഭ്യത കുറവും വിളകൾക്ക് അനുസൃതമായ വിലയുമില്ല, കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക കലണ്ടറിൽ തന്നെ മാറ്റം, വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശം മറ്റൊരു ഭാഗത്ത്, കർഷക കടുംബങ്ങളിൽനിന്നും കൃഷി അന്യമാവുകയാണ്... പുതിയ തലമുറയെ പാടത്തേക്ക് അടുപ്പിക്കാൻ പഴയ തലമുറ ഒരുക്കവുമല്ല. നെൽകർഷകർക്ക് മാത്രം സംരക്ഷണം നൽകുന്ന വിധത്തിലാണ് സർക്കാറുകളുടെ സമീപനം. പ്രക്ഷോഭത്തിന് കോപ്പുകൂട്ടുകയാണ് പഴം-പച്ചക്കറി കർഷകർ.
കഴിഞ്ഞ ഒരുവർഷത്തിനിടെ വളങ്ങൾക്ക് ഇരട്ടിയിലേറെ രൂപയുടെ വിലയാണ് ഉയർന്നത്. യൂറിയ, പൊട്ടാഷ് എന്നിവക്കാണ് ക്ഷാമം ഏറെ. പൊട്ടാഷ് 50 കിലോക്ക് 850 രൂപയിൽനിന്ന് 1700 ആയി ഉയർന്നു. യൂറിയ 450ൽനിന്നും 650 രൂപയിൽ എത്തി. വളങ്ങൾക്ക് റേഷൻ സംവിധാനം ഏർപ്പെടുത്തിയതോടെ ആവശ്യത്തിന് കിട്ടുന്നുമില്ല. കൂടാത ജൈവ വളങ്ങളുടെ വിലയിലും വലിയ വർധനവുണ്ടായതോടെ കർഷിക രംഗത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
ജൈവ വളമായ ചാണകപൊടി 35 കിലോക്ക് 140ൽ നിന്നും 230ലേക്ക് വില കുതിച്ചു. ആട്ടിൻ കാഷ്ഠം 150ൽനിന്നും 260ലും എത്തി. രണ്ടാഴ് ച മുമ്പുവരെ പച്ചക്കറികൾക്ക് രൂക്ഷമായ വിലക്കയറ്റമുണ്ടായെങ്കിലും അതിന്റെ ഗുണഫലം കർഷകർക്ക് ലഭിച്ചില്ലെന്നാണ് പരാതി. കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സർക്കാറിന്റെ കീഴിലുള്ള വിപണന കേന്ദ്രങ്ങളിൽ എത്തിച്ചാണ് വിൽപന നടത്തുന്നതെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല. ഇടനിലക്കാരാണ് നേട്ടം കൊയതത്. കാടിറങ്ങി കൂട്ടത്തോടെ എത്തുന്ന കാട്ടുപ്പന്നികൾ, കാട്ടാനകൾ, മയിലുകൾ എന്നിവ വൻ കൃഷിനാശമാണ് വരുത്തുന്നത്. വിത്തിട്ട് മുള വരുമ്പോൾ തന്നെ ഇവ നശിപ്പിക്കുകയാണ്.
വളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, വിലക്കയറ്റം പിൻവലിക്കുക, വന്യമൃഗങ്ങളുടെ ശല്യം തടയാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച സ്വാശ്രയ കർഷക സ്വതന്ത്ര യൂനിയന്റെ നേതൃത്വത്തിൽ രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, എസ്.കെ. സത്താർ, സി.എ. ശിവൻ, ടി. രാംകുമാർ, ടി.എം. ദിവാകരൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.