ദലിത് കുടുംബത്തിന്റെ വീട് നിലംപൊത്താറായി
text_fieldsഎങ്ങണ്ടിയൂർ: ദലിത് കുടുംബം കാലങ്ങളായി താമസിക്കുന്ന വീട് കാലവർഷം കനത്തതോടെ ചോർന്നൊലിച്ച് നിലംപൊത്താറായി. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്ഥിര താമസക്കാരിയായ ചക്കാണ്ടൻ വീട്ടിൽ അമ്മിണി ശ്രീധരന്റെ വീടാണ് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലായത്. ഹൃദ്രോഗിയും വിധവയുമായ അമ്മിണിയടക്കം അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്. ഓടിട്ട വീട് ചോർന്നൊലിച്ചതോടെ അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ വീട്ടുകാർ വീടിന് മുകളിൽ ടാർ പായയും ഷീറ്റും വിരിച്ചാണ് മഴകൊള്ളാതെ കഴിഞ്ഞിരുന്നത്. വീട് ഇപ്പോൾ ഇടിയുന്ന അവസ്ഥയിലാണ്.
ഓട് ഇളകി വീഴുന്നുണ്ട്. ശക്തമായ കാറ്റടിച്ചാൽ നിലം പൊത്തിയേക്കാം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയിട്ടും വീട് അറ്റപണി ചെയ്ത് കൊടുക്കാനോ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകാനോ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് എസ്.സി-എസ്.ടി ഫെഡറേഷൻ ജില്ല ഭാരവാഹികൾ വീട് സന്ദർശിച്ചു. ജില്ല ചെയർപേഴ്സൻ അജിത നാരായണൻ, സെക്രട്ടറി നിഷ രാജേഷ് തട്ടിൽ, കമ്മിറ്റി അംഗം ടി.വി. മോഹനൻ, എ.കെ. ശിവകുമാർ, സി.വി. വേണു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം, എസ്.സി പ്രമോട്ടർ തുടങ്ങിയവരെ നേരിൽകണ്ട് കുടുംബത്തിന്റെ ശോച്യാവസ്ഥ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.