മഴയൊഴിഞ്ഞിട്ടും ദുരിതം പെയ്യുന്നു; സ്ലൂയിസിൽ അജ്ഞാതർ സ്ഥാപിച്ച രണ്ട് പാത്തികൾ പൊളിച്ചുമാറ്റി
text_fieldsകാഞ്ഞാണി: ചാഴൂർ, താന്ന്യം, അരിമ്പൂർ, അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിൽ ആഴ്ചകളായി നിലനിൽക്കുന്ന വെള്ളക്കെട്ടിന് പ്രധാന കാരണമായ കാഞ്ഞാണി കാഞ്ഞാൺ കോൾ ബണ്ടിലെ സ്ലൂയിസിന്റെ താഴ്ഭാഗത്ത് ആരും കാണാതെ ആപ്പ് അടിച്ചു കയറ്റി സമൂഹിക ദ്രോഹികൾ സ്ഥാപിച്ച രണ്ട് പാത്തികൾ ജനപ്രതിനിധികൾ ഇടപെട്ട് പൊളിച്ചുമാറ്റി. സ്ലൂയിസിന്റെ അടിയിൽ നാല് പാത്തികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പാത്തികൾ നീക്കുകയും ബാക്കിയുള്ള രണ്ടെണ്ണം സ്ലൂയിസിന്റെ അടിയിൽ ആപ്പുവെച്ച് ആർക്കും ഊരിയെടുക്കാൻ കഴിയാത്ത വിധം സ്ഥാപിക്കുകയും ചെയ്ത നിലയിലാണ് കണ്ടെത്തിയത്. മുകൾ പരപ്പിലെ രണ്ട് പാത്തികൾ അധികൃതരുടെ കണ്ണിൽ മണ്ണിടാനെന്നോണം അഴിച്ചുമാറ്റുകയും താഴെയുള്ള രണ്ട് എണ്ണം നിലനിറുത്തുകയും ചെയ്തതോടെയാണ് അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ഉണ്ടായത്. പല വീടുകളിലും വെള്ളം കയറാൻ കാരണമായിരുന്നു.
മഴ നിലച്ചിട്ടും മനക്കൊടി-പുള്ള് റോഡിലെ ഉൾപ്പടെയുള്ള വെള്ളക്കെട്ട് മാറാത്ത സാഹചര്യം ഉണ്ടായതോടെയാണ് ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനാനന്ദൻ, വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം കാഞ്ഞാൺ കോൾ സ്ലൂയിസിന്റെ അടിയിൽ പരിശോധന നടത്തിയത്.
തുടർന്നാണ് സാമൂഹികദ്രോഹികൾ സ്ഥാപിച്ച പാളികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശ്രമത്തിനൊടുവിൽ പന്ത്രണ്ടരയോടെയാണ് രഹസ്യ പാളികൾ നീക്കം ചെയ്തത്. ഇതോടെ അഞ്ച് പഞ്ചായത്തുകളിലെയും വെള്ളക്കെട്ടിന് പരിഹാരമാകും.
കുഴിയെണ്ണാം, ചളിങ്ങാട്-പാലിയം ചിറ റോഡിൽ
കയ്പമംഗലം: കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി ചളിങ്ങാട്-പാലിയംചിറ റോഡ്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാലിയംചിറ റോഡാണ് മാസങ്ങളായി ചെറുതും വലുതുമായ നിരവധി കുഴികൾ നിറഞ്ഞ് തകർന്നുകിടക്കുന്നത്. മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളുടെ ആഴമറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരവധി വീടുകളുള്ള പ്രദേശത്തേക്ക് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗം മണ്ണിട്ട് മൂടിയെങ്കിലും ഇപ്പോഴും തകർന്ന നിലയിലാണ്. താൽക്കാലികമായെങ്കിലും കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അന്തിക്കാട്-പുത്തൻകോവിലകം കടവ് മേഖല വെള്ളക്കെട്ടിൽ
അന്തിക്കാട്: കോൾ പാടശേഖരത്തിലെ ഉൾച്ചാലുകളിൽ ഒഴുക്ക് നിലച്ചതോടെ അന്തിക്കാട് പുത്തൻകോവിലകം കടവ് മേഖല വെള്ളക്കെട്ടിലായി. പുത്തൻകോവിലകം കടവാരത്ത് ഇത്തരത്തിൽ വെള്ളക്കെട്ട് വരുന്നത് കഴിഞ്ഞ ഏഴുവർഷമായി പതിവില്ലെന്ന് നാട്ടുകാർ പറയുന്നു. ചാലുകളിൽ കുളവാഴയും ചണ്ടിയും അടിഞ്ഞതും ഒഴുക്കുനിലക്കാൻ കാരണമായിട്ടുണ്ട്. കാഞ്ഞാണി കാഞ്ഞാൺ കോൾ സ്ലൂയിസ് ആസൂത്രിതമായി ഭാഗികമായി അടച്ചതും ഇവിടത്തെ വെള്ളക്കെട്ടിന് കാരണമായതായി നാട്ടുകാർ പറയുന്നു. കടവാരത്തെയും അന്തിക്കാട്കോൾ പാടശേഖരത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അടിഭാഗം കമ്പിയും മറ്റു ദ്രവിച്ച് കേടുപാട് വന്നിരുന്നു. കേട് വന്ന പാലം വെള്ളക്കെട്ടിലകപ്പെട്ടതോടെ നാട്ടുകാർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.