അപകട പാതകൾ; തൃശ്ശൂരിൽ ഒറ്റദിവസം പൊലിഞ്ഞത് നാലു ജീവൻ
text_fieldsതൃശൂർ: ഒറ്റദിവസം ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് നാലു ജീവനുകൾ. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ അജ്ഞാത വാഹനം ഇടിച്ച് വയോധികനും വാണിയമ്പാറ ദേശീയപാതയിൽ ടിപ്പറിടിച്ച് കാൽനട യാത്രക്കാരിക്കും ദാരുണാന്ത്യം സംഭവിച്ചു. ചാലക്കുടിയിൽ ബൈക്കിൽ കാറിടിച്ച് 12 വയസ്സുകാരനും മാളയിൽ ബസപകടത്തിൽ യുവാവിനും ദാരുണാന്ത്യമുണ്ടായി.
ജില്ലയിൽ അടുത്തിടെ അപകടങ്ങളുടെ തുടർക്കഥയാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഹൈവേയിലെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് പ്രധാന കാരണം.
കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി 415 പേരുടെ ജീവൻ റോഡുകളിൽ അപഹരിക്കപ്പെട്ടു. 2374 അപകടങ്ങളിൽ രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്ത വർഷംകൂടിയാണ് 2022. നിലവിലെ അപകടങ്ങളുടെ നിലവെച്ച് നോക്കിയാൽ അതിനെയും കടന്നുപോകുന്ന സ്ഥിയാണ് ഈ വർഷം ഉണ്ടായത്.
ദേശീയപാത കേന്ദ്രീകരിച്ചുണ്ടാകുന്ന അപകടങ്ങളിലേറെയും ഇരകളാകുന്നത് കാൽനട യാത്രക്കാരാണ്. ആറു വരിയായി വികസിപ്പിച്ച മണ്ണുത്തി -വടക്കഞ്ചേരി പാതയിലെ പ്രധാന അപകടസ്ഥലമാണ് വ്യാഴാഴ്ച വീട്ടമ്മ അപകടത്തിൽപെട്ട വാണിയമ്പാറ. ഇവിടെ അപകടങ്ങളും മരണങ്ങളും ആവർത്തിക്കുകയാണ്.
പട്ടിക്കാട് മുതൽ വാണിയമ്പാറ വരെയുള്ള പ്രദേശത്ത് റോഡ് കുറുകെ കടക്കാൻ വാഹനങ്ങൾ യു ടേൺ എടുക്കുന്ന സ്ഥലമല്ലാതെ മറ്റു സംവിധാനങ്ങളില്ല. ഈ പാതയിലാണ് നിലവിൽ ഏറ്റവും വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും.
തൃശൂർ നഗരപരിധിയിലും അപകടങ്ങൾ ആവർത്തിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയും ഇതിനൊരു കാരണമാണ്. മണ്ഡലകാലം എത്തിയതോടെ ജില്ലയിൽ വാഹനത്തിരക്ക് വർധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്ന് വാഹനത്തിൽ ഗുരുവായൂരിലേക്കും മറ്റു ക്ഷേത്രങ്ങളിലേക്കും നിരവധി പേരാണ് ദർശനത്തിനെത്തുന്നത്. നഗരത്തിലും ദേശീയപാതയിലും ഇതിനനുസരിച്ച് തിരക്കേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.