ഡി.സി.സി പട്ടിക: നേതാക്കൾ നൽകിയ പേരുകൾ 'പരിധി കടന്നു'
text_fieldsതൃശൂർ: ഡി.സി.സി ഭാരവാഹി പട്ടികയിലേക്ക് ജില്ല കോൺഗ്രസ് നേതൃത്വം പട്ടിക തയാറാക്കുംമുമ്പ് ഗ്രൂപ് നേതാക്കൾ നൽകിയ പേരുകൾതന്നെ 'പരിധി' കടന്നു. ഭാരവാഹികൾ 25ഉം എക്സിക്യൂട്ടീവിൽ 25ഉം ഉൾപ്പെടെ 50 പേരടങ്ങുന്ന ഡി.സി.സിയാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിലുള്ള കമ്മിറ്റി നൂറോളം പേരുടേതാണെന്നിരിക്കെ ഇത് 50ലേക്ക് ചുരുക്കുന്നതിൽ ഡി.സി.സി ആശയക്കുഴപ്പത്തിലാണ്. ഇതിനിടയിലാണ് നേതാക്കളുടെ പ്രിയപ്പെട്ടവരുടെ പേരുകൾ നിർദേശിക്കപ്പെട്ടിട്ടുള്ളത്.
ജില്ലയിലെ കെ.പി.സി.സി സെക്രട്ടറിമാർ രണ്ട് മുതൽ അഞ്ച് വരെ ആളുകളുടെ പേരുകൾ നൽകിയിട്ടുണ്ട്. ഐ ഗ്രൂപ് വിവിധ ഭാഗങ്ങളായി നിൽക്കുന്നതിനൊപ്പം നേതാക്കൾ വെവ്വേറെയും പേരുകൾ നൽകിയിട്ടുണ്ട്. എ ഗ്രൂപ്പും നാല് ഭാഗങ്ങളായിട്ടാണ് പേരുകൾ നിർദേശിച്ചിട്ടുള്ളത്. മുതിർന്ന നേതാക്കളിൽ ചിലർ നിർദേശം വെച്ചിട്ടുണ്ടെങ്കിലും പലരും മൗനത്തിലാണ്. തങ്ങളുടെ പദവി പോകുമോയെന്ന ആശങ്കയിലാണ് നേതാക്കൾ.
ഐ ഗ്രൂപ്പിന് മേധാവിത്വമുള്ളതാണ് കഴിഞ്ഞ കാലങ്ങളിൽ ഭാരവാഹികളെ പരിഗണിച്ചിരുന്നത്. എന്നാൽ, ഇത്തവണ എങ്ങനെയാവുമെന്നത് നേതാക്കളെ അലട്ടുന്നുണ്ട്. 12 വരെയുള്ള പ്രാതിനിധ്യം ലഭിച്ചേക്കാമെന്നാണ് എ ഗ്രൂപ് കണക്കാക്കുന്നത്. മുതിർന്ന നേതാക്കളിൽ ചിലർക്ക് പദവി നഷ്ടപ്പെടില്ലെങ്കിലും ഭൂരിപക്ഷം നേതാക്കൾക്കും പദവി നഷ്ടപ്പെടും. ഇത് എങ്ങനെയാവും ബാധിക്കുകയെന്ന ആശങ്ക ഡി.സി.സിക്കുണ്ടെങ്കിലും കെ.പി.സി.സി നിർദേശം പാലിക്കേണ്ടതിനാൽ ആരെ തള്ളും ആരെ കൊള്ളും എന്നതിലെ ആശയക്കുഴപ്പത്തിലാണ്.
ഗ്രൂപ് തലത്തിൽ പട്ടികകൾ തയാറാക്കിയിട്ടില്ലെന്നാണ് ഗ്രൂപ് നേതാക്കൾ പറയുന്നത്. അതേസമയം, നേതാക്കൾ വ്യക്തിപരമായും കെ.പി.സി.സി സെക്രട്ടറിമാർ എന്ന നിലയിലും പേരുകൾ കൈമാറിയതായി നേതാക്കൾ പറഞ്ഞു. ഇവരിൽ നിന്ന് വേണം 25 ഭാരവാഹികളെയും 25 എക്സിക്യൂട്ടിവിനെയും തീരുമാനിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.