ഡി.സി.സി പ്രസിഡന്റിനെ മാറ്റണം; അരയും തലയും മുറുക്കി എ, ഐ ഗ്രൂപ്പുകൾ
text_fieldsതൃശൂർ: ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂരിനെതിരെ അരയുംതലയും മുറുക്കി എ.ഐ സംയുക്ത കൂട്ട്. ജില്ലയിലെ പാർട്ടിയെ തകർത്തുവെന്നും ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാൽ കനത്ത തിരിച്ചടിയായിരിക്കും ഫലമെന്നും ഗ്രൂപ്പുകൾക്കതീതമായി ചേർന്ന ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ യോഗം.
പാർട്ടിയെ ശിഥിലമാക്കിയെന്നും സംഘടന താൽപര്യം മുൻനിർത്തി ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് കെ.പി.സി.സി മാറ്റണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ഇടവേളക്ക് ശേഷം ഗ്രൂപ്പുകൾ ശക്തമായെങ്കിലും ഡി.സി.സി പ്രസിഡൻറിനെ നീക്കാനുള്ള സംയുക്ത യോഗവും പ്രമേയം പാസാക്കലും ജില്ലയിൽ മുമ്പുണ്ടായിട്ടില്ല. ഗ്രൂപ്പ് തലത്തിൽ എതിർക്കുമെങ്കിലും പരസ്യമായി സംയുക്ത പ്രമേയം പാസാക്കലിന് നിന്നിട്ടില്ല. രമേശ് ചെന്നിത്തല പക്ഷക്കാരനായിരുന്ന ജോസ് പിന്നീട് സുധാകരൻ പക്ഷത്തേക്ക് മാറിയതോടെയാണ് ഡി.സി.സി പ്രസിഡൻറ് പദവിയിലെത്തിയത്.
ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായിട്ടും ഒല്ലൂരിൽ 25000ത്തിലധികം വോട്ടുകൾക്കാണ് തുടർച്ചയായി രണ്ടാംതവണ മൽസരിച്ച സി.പി.ഐയിലെ കെ. രാജനോട് ജോസ് വള്ളൂർ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് രംഗത്തും സംഘടന രംഗത്തും കനത്ത തിരിച്ചടിയേറ്റ് നിന്നിരുന്ന ജില്ലയിലെ പാർട്ടിയെ ശക്തമാക്കാൻ കഴിവുള്ളയാളെ നിയോഗിക്കണമെന്ന് ഗ്രൂപ്പ് ഭേദമില്ലാതെ അന്ന് നേതാക്കൾ ആവശ്യമുയർത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ വൻ പരാജയമേറ്റുവാങ്ങിയയാളെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിയോഗിക്കുമ്പോൾ പ്രവർത്തകർക്ക് നിരാശയുണ്ടാക്കുമെന്നായിരുന്നു വിമർശനം. എന്നാൽ, ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ തള്ളിയാണ് ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡൻറാക്കിയത്. ഇതിനെ പിന്തുണച്ച് കെ.സി. വേണുഗോപാൽ പക്ഷവും ടി.എൻ. പ്രതാപനും എം.പി വിൻസെൻറ് അടക്കമുള്ള നേതാക്കളും കൂടെ നിന്നതോടെ എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം അപ്രസക്തമായി. എന്നാൽ, ഇപ്പോൾ ജോസിനെതിരായ നീക്കത്തിന് പിന്നിൽ ഇവരുമുണ്ട്. ജില്ലയിൽ നിലവിലെ ഗ്രൂപ്പുകളെ ഭിന്നിപ്പിച്ച് പുതിയ ഗ്രൂപ്പുണ്ടാക്കുന്നതിനും ഡി.സി.സി പ്രസിഡന്റിന്റെ സ്വന്തം പേരിൽ മറ്റൊരു ഗ്രൂപ്പുണ്ടാക്കുവാനുമാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് നേതാക്കളുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ജോസ് വള്ളൂർ നേതൃത്വം നൽകുന്നത്.
ജോസ് വള്ളൂർ ചുമതലയേറ്റതിന് ശേഷം നടന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും സ്ഥാനാർഥി തർക്കങ്ങളുമടക്കമുള്ളവ നേതാക്കൾ അക്കമിട്ട് നിരത്തുന്നു. ഒടുവിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരെ നിയോഗിച്ചതിലും പുത്തൻ വിഭാഗീയതക്ക് അവസരമുണ്ടാക്കുകയാണ് ഉണ്ടായതെന്നും സംഘടന താൽപര്യം മുൻനിർത്തി ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കെ.പി.സി.സിയോട് എ.ഐ ഗ്രൂപ്പുകളുടെ യോഗം ആവശ്യപ്പെടുന്നു. തൃശൂരിൽ എലൈറ്റ് ഹോട്ടൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ, ജോസഫ് ചാലിശേരി, എം.കെ. അബ്ദുൽ സലാം, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്സൺ, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, രാജൻ പല്ലൻ, വിൻസെന്റ് കാട്ടുക്കാരൻ, കെ. അജിത് കുമാർ, ജോൺ ഡാനിയൽ, സുനിൽ ലാലൂർ അഡ്വ. വി. സുരേഷ്, പി.കെ. രാജൻ, സി.ഒ. ജേക്കബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.