'പ്രിയ വോട്ടറും' പിൻവാങ്ങുമോ?
text_fieldsതൃശൂർ: വോട്ടർമാരുടെ പേരുവെച്ച സ്ഥാനാർഥികളുടെ വർണശബളമായ അഭ്യർഥനക്കത്തിലേക്ക് ചുവടുമാറുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. 'പ്രിയ വോട്ടറേ'... എന്ന് അഭിസംബോധന ചെയ്തുള്ള കാലങ്ങളായി തുടരുന്ന കത്താണ് കാലത്തിനൊത്ത് ചേല് മാറുന്നത്. പേരുവെച്ചുള്ള അഭ്യർഥനക്കത്ത് വോട്ടറുമായി അടുപ്പം സ്ഥാപിക്കാൻ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ചില പാർട്ടികളുടെ ഈ ചുവടുമാറ്റം. രാഷ്ട്രീയ പാർട്ടികളെ ഈ മാറ്റത്തിലേക്ക് കൊണ്ടുവരാൻ ചില സ്റ്റാർട്ടപ് കമ്പനികളും വ്യാപകമായി രംഗത്തുണ്ട്.
വോട്ടർമാരുടെ പേരും നമ്പറും മറ്റ് വിവരങ്ങളുമടങ്ങിയ വോട്ടേഴ്സ് സ്ലിപ്പിനൊപ്പമാകും അഭ്യർഥനക്കത്ത് വിതരണം ചെയ്യുക. കാലത്തിനൊപ്പം പുതുമകൾ ഉൾക്കൊള്ളാൻ പ്രമുഖ കക്ഷികളടക്കം ധാരാളം പേർ സമീപിച്ചിട്ടുണ്ടെന്നും അച്ചടികൾ അന്തിമ ഘട്ടത്തിലാണെന്നും 'ആക്ട് ഇൻഫോ' കമ്പനി സി.ഇ.ഒ സുരേഷ് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ രേഖകളിൽനിന്ന് മറ്റും വിവരങ്ങൾ ശേഖരിച്ചാണ് ഓരോ മണ്ഡലത്തിലേയും വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ കമ്പനികൾ ശേഖരിക്കുന്നത്.
ഇത് ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടേഴ്സ് സ്ലിപ് തയാറാക്കുക. ഇവയിൽനിന്ന് പ്രായം അടിസ്ഥാനമാക്കി വോട്ടർമാരെ തരംതിരിച്ച് വിദ്യാർഥികൾ, യുവാക്കൾ, വയോധികൾ എന്നിവർക്കായി പ്രത്യേകം മൂന്ന് വാഗ്ദാന പത്രികകൾ തയാറാക്കിക്കൊടുക്കുമെന്ന വാഗ്ദാനം കമ്പനികൾ നൽകുന്നുണ്ട്. ഇതോടെ വോട്ടർമാരുടെ പ്രായത്തിനനുസരിച്ച് അഭ്യർഥനക്കത്തുകളും വ്യത്യാസപ്പെടും.
ബൂത്ത് ഒന്നിന് 2750 രൂപയാണ് കമ്പനികൾ അഭ്യർഥനക്കത്തിനും ഡിജിറ്റൽ വോട്ടേഴ്സ് സ്ലിപ്പിനുമായി ഈടാക്കുന്നത്. അതായത് മണ്ഡലത്തിൽ മുഴുവനായും വിതരണത്തിന് എത്തിക്കുകയാണെങ്കിൽ ഏകദേശം 4.5-5 ലക്ഷം രൂപ സ്ഥാനാർഥിക്ക് വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.