സൂനാമി പുനരധിവാസത്തിന്‍റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ചതി; പരാതിയുമായി പ്രവാസികൾ
text_fieldsതൃശൂർ: സൂനാമി പുനരധിവാസത്തിന്‍റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി.
എടവിലങ്ങ് വില്ലേജ് ഓഫിസ് അധികൃതരാണ് ഭൂനികുതി അടക്കാൻ അനുവാദം പോലും നൽകാതെ വട്ടംകറക്കുന്നതെന്ന് എടവിലങ്ങ് പുതിയവീട്ടിൽ താജുദ്ദീൻ, പള്ളത്ത് കുട്ടൻ, പുന്നിലത്ത് മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
താജുദ്ദീന്‍റെ ഒരേക്കർ 70 സെന്‍റ് ഭൂമിയിൽ 16 സെന്‍റ് ഒഴിച്ച് ബാക്കിയെല്ലാം പുറമ്പോക്കാണെന്നാണ് വില്ലേജ് അധികൃതരുടെ ഭാഷ്യം. ഭൂമി മുഴുവൻ തന്‍റേതാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും താജുദ്ദീന്‍റെ കൈവശം ഉണ്ടായിട്ടും പുറമ്പോക്കാണെന്ന വാദത്തിൽ അധികൃതർ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ 12 വർഷമായി ഇത് തെളിയിക്കാൻ കയറിയിറങ്ങാത്ത ഓഫിസുകളില്ല. അന്ന് സ്ഥലം എം.എൽഎ ആയിരുന്ന മുൻ റവന്യൂ മന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയുടെ രാഷ്ട്രീയ നേതൃത്വവും അടങ്ങിയ സംഘമാണ് ഇതിന് പിന്നിലുള്ളത്.
നികുതി അടക്കാൻ താജുദ്ദീന് അവകാശമുണ്ടെന്ന് ഹൈകോടതി വിധിച്ചിട്ടും ഇതുവരെ ഉത്തരവ് നടപ്പാക്കാൻ തയാറായിട്ടില്ല. പള്ളത്ത് കുട്ടൻ, പുന്നിലത്ത് മുഹമ്മദ് എന്നിവരുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതിയെന്നും ഇവർ പറഞ്ഞു.
വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിലെത്തിയ വാങ്ങിയ ഭൂമിയാണ് സൂനാമി പുനരധിവാസത്തിന്‍റെ അർജൻസി ക്ലോസ് ഉപയോഗിച്ച് ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല. വാർത്തസമ്മേളനത്തിൽ ഹമീദ് കടമ്പോട്ടും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.