നിലാവ്' പദ്ധതിത്തർക്കത്തിൽ തീർപ്പ്; എൽ.ഇ.ഡി വഴിവിളക്ക് മാറ്റിയിടൽ കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമല്ല
text_fieldsതൃശൂർ: 'നിലാവ്' പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിച്ച എൽ.ഇ.ഡി വഴി വിളക്കുകൾ 'കണ്ണടച്ചാൽ' മാറ്റിയിടുന്നത് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമല്ലെന്ന് ഒടുവിൽ തദ്ദേശ വകുപ്പ് സ്ഥിരീകരിച്ചു. വളരെ കാലങ്ങളായി ആര് എൽ.ഇ.ഡി മാറ്റിയിടുമെന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിൽ ഒട്ടേറെ മേഖലകൾ കാലങ്ങളായി ഇരുട്ടിലാകുകയും ചെയ്തിരുന്നു. ഇനി കേടായ എൽ.ഇ.ഡി ബൾബുകൾ മാറ്റിസ്ഥാപിക്കാൻ ഒന്നിന് തൊഴിൽ കൂലിയായി 166 രൂപയും 18 ശതമാനം ജി.എസ്.ടിയും തദ്ദേശ വകുപ്പ് കെ.എസ്.ഇ.ബിക്ക് നൽകണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലെ ഇ.ഇ.എസ്.എൽ (എനർജി എഫിഷ്യന്റ് സർവിസസ് ലിമിറ്റഡ്) എന്ന കമ്പനിയിൽനിന്ന് വാങ്ങിയ എൽ.ഇ.ഡികൾ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിക്കുന്ന ഉത്തരവാദിത്തം ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബിക്കായിരുന്നു. ഏഴുവർഷമായിരുന്നു ഗ്യാരണ്ടി. സ്ഥാപിച്ച് കുറഞ്ഞ കാലത്തിനിടെ എൽ.ഇ.ഡി ബൾബുകൾക്ക് 'കൂട്ടമരണം' സംഭവിക്കുന്നത് പതിവായതോടെയാണ് തർക്കം ഉടലെടുക്കുന്നത്.
എൽ.ഇ.ഡി മാറ്റിസ്ഥാപിക്കുന്നത് തങ്ങളുടെ ഉത്തരവാദത്തമല്ലെന്ന് കെ.എസ്.ഇ.ബി ആവർത്തിച്ചു. തർക്കം മൂത്തപ്പോൾ വിഷയം വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ സമിതിയുടെ പരിഗണനക്ക് വന്നു.
ഈ യോഗത്തിലാണ് ഒരെണ്ണം മാറ്റിസ്ഥാപിക്കാൻ 166 രൂപയും 18 ശതമാനം ജി.എസ്.ടിയും തദ്ദേശവകുപ്പ് നൽകണമെന്നും അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുന്ന സ്ഥാപനത്തെയോ കരാറുകാരനെയോ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും ധാരണ ഉണ്ടായത്. പക്ഷേ, അതിനായി ടെൻഡർ നടപടി സ്വീകരിക്കണം. മാത്രമല്ല കരാറുകാരനുമായി വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഏർപ്പെടാമെന്നും ആ തുക കെ.എസ്.ഇ.ബിക്ക് നിശ്ചയിച്ചതിനേക്കാൾ അധികമാകാൻ പാടില്ലെന്നും തദ്ദേശവകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.