മന്ത്രിയുടെ ഇടപെടലും ഫലിച്ചില്ല; സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം പൂട്ടാൻ തീരുമാനം
text_fieldsതൃശൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തൃശൂർ പ്രാദേശിക കേന്ദ്രം നിലനിർത്താനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിെൻറ നീക്കം ഫലം കണ്ടില്ല. തൃശൂരിൽ നിർത്തലാക്കുന്ന കേന്ദ്രം ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ദേവസ്വം അനുവദിക്കുന്ന സ്ഥലത്ത് മികച്ച സൗകര്യങ്ങളോടെ തുറക്കാൻ മന്ത്രി നടത്തിയ നീക്കങ്ങൾ അവഗണിച്ചാണ് കേന്ദ്രം നിർത്തലാക്കാൻ സർവകലാശാല തീരുമാനിച്ചത്.
കാൽ നൂറ്റാണ്ടോളം തൃശൂരിൽ പ്രവർത്തിച്ച പ്രാദേശിക കേന്ദ്രത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിച്ചിരുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം ബാധ്യത താങ്ങാനാവുന്നില്ലെന്ന പേരിൽ നിർത്തലാക്കാൻ രണ്ട് വർഷത്തോളമായി ശ്രമമുണ്ടായിരുന്നു. വി.എസ്. സുനിൽകുമാർ മന്ത്രിയായിരുന്ന കാലത്ത് പകരം സ്ഥലം കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ തൃശൂരിനെ ഒഴിവാക്കുകയാണ് കേന്ദ്രം നിർത്തലാക്കുന്നതിെൻറ ഭാഗമായി ആദ്യം ചെയ്തത്. പിന്നീട് െഗസ്റ്റ് അധ്യാപകരെ പിരിച്ചുവിട്ടു.
ഈ സാഹചര്യത്തിലാണ് പുതിയ സർക്കാറിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ചുമതലയിലെത്തിയ ഡോ. ആർ. ബിന്ദു പ്രാദേശിക കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്. ഇതിെൻറ ഭാഗമായി സർവകലാശാലയിലെ ഉന്നതർ നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനിടക്കാണ് കേന്ദ്രം നിർത്തലാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകാൻ സർവകലാശാല തീരുമാനിച്ചത്.
പ്രാദേശിക കേന്ദ്രം പൂട്ടാനുള്ള നീക്കത്തിൽനിന്ന് സർവകലാശാല പിന്മാറണമെന്നും പ്രാദേശിക കേന്ദ്രവും കോഴ്സുകളും ഉടൻ പുനരാരംഭിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് അഡ്വ. വി.ഡി. പ്രേം പ്രസാദും സെക്രട്ടറി ഡോ. എം.എൻ. വിനയകുമാറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.