കിണറ്റിൽ അകപ്പെട്ട കലമാന്‍ പുനർജന്മം
text_fieldsവെള്ളിക്കുളങ്ങര: കരിക്കാട്ടോളിയില്‍ ജനവാസമേഖലയിലിറങ്ങിയ കലമാന്‍ കിണറ്റില്‍ വീണു. വെള്ളിക്കുളങ്ങര തിരുക്കുടുംബ ദേവാലയത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കലമാന്‍ വീണുകിടക്കുന്നത് വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍നിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.
തുടര്‍ന്ന് പരിയാരം ഫോറസ്റ്റ് റേഞ്ചിലെയും ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് മാനിനെ കിണറ്റില്‍നിന്ന് പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം രണ്ടു മണിക്കൂറോളം നീണ്ടു. കയറില്‍ കെട്ടിയ വല കിണറ്റിലിറക്കിയാണ് വലയിലാക്കി സുരക്ഷിതമായി കരക്കെത്തിച്ചത്.
ചാലക്കുടി അസി. സ്റ്റേഷന് ഓഫിസര്‍ എം.എസ്. ജയന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷ ഉദ്യോഗസ്ഥരും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. മധുവിന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരായ ജോബിള്‍ വടാശേരി, സജീവ്കുമാര്‍, എ.എം. സുധീര്‍ തുടങ്ങിയവരും ചേര്‍ന്നാണ് മാനിനെ ഏറെ പണിപ്പെട്ട് കിണറില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തത്. ഇതിനെ പിന്നീട് വനപാലകര്‍ കാട്ടിലേക്ക് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.