വഴുക്കുംപാറ കൽക്കെട്ട് നിർമാണത്തിെല അപാകത; വീഴ്ച സമ്മതിച്ച് ദേശീയപാത അതോറിറ്റി
text_fieldsതൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ ഭാഗത്ത് വിള്ളൽ കണ്ടെത്തിയ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ സ്ഥിരീകരണം. കൽക്കെട്ടിന് മതിയായ ചരിവില്ലെന്നും പദ്ധതി രേഖയനുസരിച്ചല്ല നിർമാണമെന്നും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സർവിസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ഇപ്പോഴത്തെ ആലോചന. കല്‍ക്കെട്ടിളകിയ വഴുക്കുംപാറ മേല്‍പാലത്തില്‍ പരിശോധനക്കെത്തിയ പ്രോജക്ട് മാനേജരാണ് നിര്‍മാണത്തിലെ വീഴ്ചകള്‍ സമ്മതിച്ചത്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ പുറത്തേക്ക് തള്ളിയ കല്‍ക്കെട്ട് ഇളക്കി പരിശോധിക്കാന്‍ കരാര്‍ കമ്പനിയായ കെ.എം.സിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
അടുത്ത മണ്‍സൂണിന് മുമ്പ് പാര്‍ശ്വഭിത്തി ബലപ്പെടുത്തണമെന്നും ഭിത്തിയുടെ ചെരിവിന്‍റെ അനുപാതം വര്‍ധിപ്പിക്കണമെന്നും വിള്ളലുണ്ടായ റോഡ് തുരന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. ഈ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്താനാണ് നിർദേശം.
അതേസമയം, സർവിസ് റോഡ് അടക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പാര്‍ശ്വഭിത്തി വലിപ്പം കൂട്ടുന്നത് സര്‍വിസ് റോഡിനെ ബാധിക്കുമെന്നതിനാൽ ഈ റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും പ്രോജക്ട് ഡയറക്ടർ ജില്ല ഭരണകൂടത്തിന് കൈമാറിയ റിപ്പോര്‍ട്ടിൽ പറയുന്നു. വഴുക്കുംപാറയിലെ വിള്ളല്‍ നേരത്തേ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
അപാകത അറിഞ്ഞ കഴിഞ്ഞ 13ന് കരാർ കമ്പനിയോട് വിശദീകരണം തേടിയിരുന്നതായും വ്യക്തമാക്കുന്നു. വെള്ളിയാഴ്ച റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
വിള്ളലിന്റെ ആഴം അറിയാനായി ഇവിടം തുരക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. കലക്ടര്‍ നിയോഗിച്ച സമിതിയുടെ പരിശോധനക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്ത ദേശീയപാത റോഡുകളിലുൾപ്പെട്ടതാണ് ഇത്. അന്ന് വൈകീട്ടത്തെ മഴയെത്തുടര്‍ന്നാണ് മേല്‍പാലത്തിലെ കരിങ്കല്‍ കെട്ട് പുറത്തേക്ക് തള്ളിവന്നത്. ഇതോടെ ദേശീയപാതയിലും വിള്ളലുണ്ടായി.
നാളെ യോഗം
തൃശൂർ: ദേശീയപാത കുതിരാൻ പാതയിലെ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ പരിശോധന റിപ്പോർട്ട് ലഭിച്ചതായി കലക്ടർ ഹരിത വി. കുമാർ. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും തിങ്കളാഴ്ച ഉച്ചക്കുശേഷം മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.