ഡെങ്കിപ്പനി ബാധിതർ കൂടുന്നു; ജാഗ്രത നിർദേശം
text_fieldsതൃശൂർ: ഡെങ്കിപ്പനിക്കെതിരെ ജനം മുൻകരുതൽ എടുക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. ജില്ലയിൽ പലയിടത്തും കൊതുക് സാന്ദ്രത കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ഇക്കാലത്ത് 41 കേസുകളാണ് സ്ഥിരീകരിച്ചതെങ്കിൽ ഈവർഷം 127 ആയിട്ടുണ്ട്. സംശയാസ്പദമായ 293 കേസുകളുമുണ്ട്. ഒല്ലൂർ, മറ്റത്തൂർ എന്നിവിടങ്ങളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഒല്ലൂരിൽ 40 കേസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ 49 കേസുകളുണ്ട്. മറ്റത്തൂരിൽ സ്ഥിരീകരിച്ച 12 കേസുകളും സംശയാസ്പദമായ 36 കേസുകളുമാണുള്ളത്.
കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതാണ് പ്രതിരോധ മാർഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പ്, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭ ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ച വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഡെങ്കി വൈറസ് രണ്ടാമതൊരാളിൽ പ്രവേശിച്ചാൽ കൂടുതൽ ഗുരുതരമാകും.
ചിരട്ട, കുപ്പി, ടയർ, കളിപ്പാട്ടം എന്നിവ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ വല കൊണ്ട് കെട്ടിവെക്കുക, അലങ്കാര കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൊണ്ട് മറക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യം ഒഴുക്ക് സുഗമമാക്കുക എന്നിവയും ചെയ്യണം.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിക്കണം. മഴക്കാലം ആരംഭിക്കുന്നതോടെ കൊതുക് പേരുകി രോഗം പടരാൻ സാഹചര്യമുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ആരോഗ്യ ജാഗ്രത പ്രവർത്തനം നടക്കുന്നുണ്ട്.
ഉറവിട നശീകരണം, പ്ലാന്റേഷൻ മേഖലകളിലെ പ്രത്യേക കാമ്പയിൻ, സ്ഥാപനങ്ങളിൽ ഡ്രൈ ഡേ പ്രവർത്തനം, ഗൃഹസന്ദർശന ബോധവത്കരണം, ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ എന്നിവ നടക്കുന്നുണ്ട്. ആരോഗ്യസേന രൂപവത്കരിച്ച് വാർഡ് തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ ആരോഗ്യജാഗ്രത പ്രവർത്തനം നടത്തുന്നുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.