വില്ലൻ ഡെങ്കി; ഈ മാസം മരണം മൂന്ന് ഒമ്പത് ദിവസത്തിനിടെ ചികിത്സ തേടിയത് അയ്യായിരത്തോളം പേർ
text_fieldsതൃശൂർ: ജില്ലയെ വിറപ്പിച്ച് പനി. ഈ മാസം മൂന്ന് ജീവനുകളാണ് പനിയെടുത്തത്. രണ്ട് പേർ മരിച്ചത് ഡെങ്കിപ്പനി മൂലമാണ്. പ്രതിദിനം 500ലേറെ പേർ പനിബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. അമ്പതിൽ താഴെ പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായി വരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലോട്ടുള്ള എല്ലാ ആശുപത്രികളിലും പനിബാധിതരുടെ തിരക്കാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയുയർത്തുന്നത്. ഈ മാസം ഇതുവരെ 82 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
252 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പനിബാധിതരാണ് സർക്കാർ ആശുപത്രിയിൽ ഒമ്പത് ദിവസത്തിനിടെ ചികിത്സ തേടിയെത്തിയത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം ഡെങ്കിപ്പനികൂടി ബാധിക്കുന്നതോടെ ആരോഗ്യ സ്ഥിതി മോശമാകുന്ന സ്ഥിതിയാണ്. പല സർക്കാർ ആശുപത്രികളിലും പനി ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. മഴ ശക്തമാവുകയും പകർച്ച വ്യാധികൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ജില്ല മെഡിക്കൽ ഓഫിസിൽ ദിവസം മുഴുവനും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
രോഗംപരത്തും മൂന്ന് കുഞ്ഞന്മാർ
• കൊതുക്: മഴക്കാലത്ത് രോഗം പരത്തുന്നതിൽ ഏറ്റവും മുമ്പൻ മൂളിയെത്തുന്ന കൊതുകുകളാണ്. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്താൻ സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതും ഇതിനാൽതന്നെ. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന മന്ത്, ജപ്പാൻജ്വരം, ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കി, ചിക്കുൻഗുനിയ, യെല്ലോ ഫീവർ, അനോഫിലസ് കൊതുക് പരത്തുന്ന മലമ്പനി എന്നിവയെല്ലാം ഈ സീസണിൽ കണ്ടുവരുന്നതാണ്.
•ഈച്ച: വെള്ളത്തിലൂടെയും ഭക്ഷണ പദാർഥങ്ങളിലൂടെയും പകരുന്ന പ്രധാന രോഗങ്ങളുടെ വാഹകരാണ് ഈച്ചകൾ. വയറിളക്കം, ടൈഫോയ്ഡ്, അതിസാരം, കോളറ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ വാഹകരാണ് ഈച്ചകൾ.
•എലി: എലിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ മനുഷ്യർക്ക് ചുറ്റുമാണ്. എലികളുടെ മൂത്രത്തിലൂടെ മണ്ണിലെത്തുന്ന ബാക്ടീരിയകളാണ് മനുഷ്യരിലേക്ക് പടരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും മറ്റും ഇത് മനുഷ്യശരീരത്തിലെത്തും.
മഴക്കാലത്ത് വേണം ഇരട്ടിശുചിത്വം
വ്യക്തി ശുചിത്വത്തിന് പുറമെ പരിസര ശുചിത്വം കൂടിയുണ്ടെങ്കിലേ മഴക്കാലത്തെ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാൻ കഴിയൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യപടി.
"ജൈവ-അജൈവ മാലിന്യം തരംതിരിച്ച് സംസ്കരിക്കുക
"കൊതുക് മുട്ടയിടാനുള്ള സാഹചര്യം വീട്ടിനകത്തും പുറത്തും ഒഴിവാക്കുക (ടയർ, കുപ്പികൾ, വീപ്പകൾ, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യതയുണ്ട്)
"ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക
"ടെറസും സൺഷെയ്ഡിന്റെ പാത്തികളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
"തോട്ടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാധനങ്ങൾ ഒഴിവാക്കുക
"ഫ്രിഡ്ജ്, കൂളർ, എ.സി എന്നിവയുടെ അടിഭാഗത്ത് ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റുക.
"തിളപ്പിച്ചാറിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കുക
"ആഹാര സാധനങ്ങൾ പാകം ചെയ്തത് മൂടി സൂക്ഷിക്കുക
"കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മലിനജല സമ്പർക്കം ഒഴിവാക്കാൻ കാലുറകളും കൈയുറകളും ധരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.