പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും അണ്ടത്തോട് ഗവ. എം.എൽ.പി സ്കൂളിന് കെട്ടിടമായില്ല
text_fieldsഅണ്ടത്തോട്: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും അണ്ടത്തോട് ഗവ. എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടമായില്ല. നാട്ടുകാരും രാഷ്ട്രീയ കക്ഷികളും സമരത്തിനിറങ്ങിയിട്ടും അധികൃതർ നിസ്സംഗതയിൽ. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അണ്ടത്തോട് സ്കൂൾ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പൊളിച്ചത്. തുടർന്ന് 2022 ഏപ്രിൽ മുതൽ അണ്ടത്തോട് മദ്റസയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനകം സ്കൂൾ മാറ്റും എന്ന ഉറപ്പിലാണ് മദ്റസ വിട്ടുനൽകിയത്.
പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് സ്വകാര്യ വ്യക്തി സ്കൂളിനായി 20 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നൽകിയിരുന്നു. റർബൻ മിഷൻ പദ്ധതിപ്രകാരം 76.80 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനും നീക്കിവച്ചു. നിർമിതി കേന്ദ്രക്ക് നിർമാണ ചുമതലയും നൽകി. 2020 നവംബറിലാണ് ശിലാസ്ഥാപനം നടത്തിയത്. ഇതിന്റെ ഫലകം കാഴ്ച്ച വസ്തുവായി പറമ്പിലുണ്ട്.
നിലവിൽ ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മേഖലയിലെ കുട്ടികൾ പോലും അകലെയുള്ള വിദ്യാലയങ്ങളിലാണ് ചേർക്കുന്നത്. അധ്യയന വർഷ സമ്മാനമായി 32.7 സെന്റ് സ്ഥലം കൂടി പഞ്ചായത്ത് ഏറ്റെടുത്തുവെന്നാണ് പുതിയ വിവരം. 25.17 ലക്ഷം രൂപയാണ് വിദ്യാലയത്തിന് സ്ഥലം ഏറ്റെടുക്കാനായി പഞ്ചായത്ത് വിനിയോഗിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. ഇതോടെ സ്കൂളിന് 50 സെന്റ് ഭൂമി സ്വന്തമായി.
സ്കൂളിനായി സ്ഥാപിച്ച ശിലാഫലകത്തിൽ റീത്ത് സമർപ്പിച്ചാണ് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചത്. പ്രസിഡന്റ് എ.കെ. മൊയ്തുണ്ണി, വി.കെ. മുഹമ്മദ്, സാലിഹ് തേച്ചൻപുരക്കൽ, കെ.എച്ച്. ആബിദ്, കെ.എച്ച്. റാഫി, ഹുസൈൻ വലിയകത്ത്, സി.എം. ഗഫൂർ, ടി.എം. ഇല്യാസ്, പി.എസ്. മനാഫ്, അഷ്റഫ് ചോലയിൽ, സി.ബി. റഷീദ് മൗലവി, ടി.എം. ഇർഷാദ്, കെ.സി.എം. ബാദുഷ, കെ.എച്ച്. റാസിഖ്, പി.എസ്. മുസ്തഫ, നൂറുദ്ദീൻ, കെ.കെ. മുഹമ്മദാലി, കെ.കെ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
സ്കൂളിനോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണനയിൽ പ്രതിഷേധിച്ച് വെൽഫെയർപാർട്ടി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. പ്രസിഡന്റ് മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സാദിഖ് തറയിൽ അധ്യക്ഷത വഹിച്ചു.
ട്രഷറർ വി. അബ്ദുസമദ് അണ്ടത്തോട് മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ കടിക്കാട്, എം.സി. ഹൈദരലി, അബു ഹാജി, ബക്കർ ചന്ദനത്ത്, അഡ്വ. മുഹമ്മദ് യൂസഫ് എന്നിവർ നേതൃത്വം നൽകി. അബ്ബാസ് സ്വാഗതവും കാണക്കോട് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.