പൊലീസ് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിക്കുന്നു; ഇന്ന് കത്തിക്കുന്നത് 60 കിലോയിലധികം കഞ്ചാവ്
text_fieldsതൃശൂർ : തൃശൂർ സിറ്റി പൊലീസിന് കീഴിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിക്കുന്നു. 62.229 കിഗ്രാം കഞ്ചാവ്, 1865 ഗ്രാം ഹഷീഷ് ഓയിൽ, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എ എന്നിവയാണ് നശിപ്പിക്കുന്നത്.
പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ക്ലേ കമ്പനി വക ഫർണസിൽ വെള്ളിയാഴ്ച ഇവ കത്തിച്ചുകളയും. തൃശൂർ ടൗണ്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ഉൾപ്പെട്ടതാണ് നശിപ്പിക്കപ്പെടുന്ന കഞ്ചാവ്.
ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഹഷീഷ് ഓയിൽ പിടികൂടിയത്. എം.ഡി.എം.എ പിടികൂടിയത് കുന്നംകുളത്താണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 25 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലെ ജില്ലതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയാണ് മയക്കുമരുന്നുകൾ നശിപ്പിക്കാൻ അംഗീകാരം നൽകിയത്.
ഇതിന് മുന്നോടിയായി പിടിച്ചെടുത്ത മയക്കുമരുന്നുകൾ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തി രാസപരിശോധന ഫലം ഉറപ്പുവരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തൃശൂർ റൂറൽ പരിധിയിൽ പിടികൂടിയ 800 കിലോയിലധികം കഞ്ചാവ് ചിറ്റിശ്ശേരിയിൽ കത്തിച്ച് നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.