ദേശീയ അവാർഡ് നിർണയം; പി.ടിയുടെ ചിത്രം അവസാന നിമിഷം മാറ്റി -സിബി മലയിൽ
text_fieldsതൃശൂർ: പി.ടി. കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന ചിത്രം ദേശീയ അവാർഡ് നിർണയത്തിൽ അവസാന നിമിഷം മാറ്റി നിർത്തിയെന്ന് അവാർഡ് നിർണയ ജൂറി അംഗമായിരുന്ന സംവിധായകൻ സിബി മലയിൽ. കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘പി.ടി കലയും കാലവും’ എന്ന ത്രിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ സിനിമകളേ പി.ടി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാം എണ്ണം പറഞ്ഞ സിനിമകളാണ്. 2009ലെ ദേശീയ അവാർഡ് നിർണയ സമിതിയിൽ പരദേശി എന്ന സിനിമ വിവിധ അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടിരുന്നു. സിനിമയിലെ ‘തട്ടംപിടിച്ചു വലിക്കല്ലേ...’ എന്ന ഗാനത്തിന് സുജാതക്ക് മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് നൽകാൻ തീരുമാനമായി.
എന്നാൽ, അവസാന നിമിഷം ഫെസ്റ്റിവൽ ഡയറക്ടർ ഇടപെട്ട് ശ്രേയാ ഘോഷാലിന് അവാർഡ് നൽകി. മറ്റ് അവാർഡുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ചാനലുകളുടെ അവാർഡ് ഷോ പോലെയാണ് ദേശീയ അവാർഡ് നിർണയമെന്നാണ് ഉത്തരവാദപ്പെട്ടവർ പോലും ധരിച്ചുവെച്ചിരിക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു.
സംസ്കാരിക വകുപ്പ് നടത്തുന്ന സംസ്ഥാന ചലച്ചിത്ര ഫെസ്റ്റിവലുകളിൽ വിദേശ ജൂറികളെ മാത്രം ഉൾക്കൊള്ളിച്ച് മലയാള ചലച്ചിത്രകാരന്മാരെ ഒഴിവാക്കുന്ന പ്രവണത മാറ്റി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ പ്രിയനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാമണ്ഡലം ക്ഷേമാവതി, ഛായാഗ്രാഹകൻ സണ്ണിജോസഫ്, അശോകൻ ചരുവിൽ, എൻ.കെ. അക്ബർ എം.എൽ.എ, നടൻ ഇർഷാദ്, വി.കെ. ജോസഫ്, ഉമർ തറമേൽ തുടങ്ങിയവർ സംസാരിച്ചു. പി.എസ്. ഇക്ബാൽ സ്വാഗതവും അൻവർ കോഹിനൂർ നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന ‘പി.ടിയുടെ കലാപ സ്വപ്നങ്ങൾ’ എന്ന പരിപാടി എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ഡി. രാമകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, എം.പി. ബഷീർ എന്നിവർ സംസാരിച്ചു. ടി.ടി. പ്രഭാകരൻ സ്വാഗതവും ഡോ. ഷീല വിശ്വനാഥൻ നന്ദിയും പറഞ്ഞു. പരിപാടി ശനിയാഴ്ച വൈകുന്നേരം സമാപിക്കും.
മതേതര രാജ്യത്ത് ജനിച്ച ഞാൻ മരിക്കേണ്ടി വരുന്നത് ഹിന്ദുത്വ രാജ്യത്ത് -എം. എൻ. കാരശ്ശേരി
തൃശൂർ: മതേതര രാജ്യത്ത് ജനിച്ച ഞാൻ ഹിന്ദുത്വ രാജ്യത്ത് മരിക്കേണ്ടി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രഫ. എം.എൻ. കാരശ്ശേരി. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ‘പി.ടി കലയും കാലവും’ പരിപാടിയുടെ ഭാഗമായ ‘പി. ടിയുടെ കലാപ സ്വപ്നങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് പലതരത്തിലുള്ള കലാപങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പൗരത്വ ഭേദഗതി ബിൽ പോലുള്ള അപകടങ്ങൾ പുനർജീവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ സമൂഹത്തിൽ ജീവിക്കുമ്പോൾ ജാതിമതഭേദമന്യേ മനുഷ്യത്വപരമായി ജീവിക്കേണ്ടുന്നതിനെ കലയിലൂടെ ഓർമ്മിപ്പിക്കുന്ന പി.ടിയുടെ സിനിമകൾ ഇന്നത്തെ കാലത്തിന്റെതാണെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സജീവമായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇനിയും കാലം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കവി പി.എൻ. ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ്, എം.പി. ബഷീർ, ഡോ. ഷീല വിശ്വാനാഥൻ, ടി.ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.