ധനലക്ഷ്മി ബാങ്ക്; റിസർവ് ബാങ്ക് നിയമിച്ച എം.ഡിയെ ഓഹരിയുടമകൾ പുറത്താക്കി
text_fieldsആർ.ബി.ഐ ജനറൽ മാനേജർ ധനലക്ഷ്മി ബാങ്കിൽ അഡീഷനൽ ഡയറക്ടർതൃശൂർ: ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്ക് നിയമിച്ച മാനേജിങ് ഡയറക്ടർ-സി.ഇ.ഒ സുനിൽ ഗുർബക്സാനിയെ ഓഹരിയുടമകൾ വാർഷിക പൊതുയോഗത്തിൽ വോട്ടിനിട്ട് പുറത്താക്കി.
ദിവസങ്ങളായി നടക്കുന്ന കരുനീക്കങ്ങൾ മണത്തറിഞ്ഞതിനെ തുടർന്ന് അസാധാരണ നീക്കത്തിൽ റിസർവ് ബാങ്ക് തങ്ങളുടെ ബംഗളൂരു റീജനൽ ഓഫിസിലെ ജനറൽ മാനേജർ ഡി.കെ. കാശ്യപിനെ ധനലക്ഷ്മി ബാങ്കിൽ അഡീഷനൽ ഡയറക്ടറായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണിത്. ബുധനാഴ്ച വിഡിയോ കോൺഫറൻസിലൂടെ നടന്ന വാർഷിക പൊതുയോഗത്തിലാണ് എം.ഡി പുറത്തായത്.
റിസർവ് ബാങ്കിെൻറ അടിയന്തര ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ച ചീഫ് ജനറൽ മാനേജർ പി. മണികണ്ഠനെ ധനലക്ഷ്മി ബാങ്ക് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ എം.ഡിയും പുറത്തായത് ചില കേന്ദ്രങ്ങളിൽനിന്നുള്ള കൃത്യമായ നീക്കങ്ങളുടെ ഫലമാണെന്നാണ് സൂചന.ചെയർമാൻ, എം. ഡി, എക്സിക്യൂട്ടിവ് ഡയറക്ടർ, ചീഫ് ജനറൽ മാനേജർ, ജനറൽ മാനേജർ എന്നിവരില്ലാതെ അനാഥമായ ധനലക്ഷ്മി ബാങ്കിെൻറ കാര്യത്തിൽ പന്ത് ഇനി റിസർവ് ബാങ്കിെൻറ കളത്തിലാണ്. ഒരു മാസത്തെ പരിചയമെങ്കിലുമുള്ള ഒരു സ്വതന്ത്ര ഡയറക്ടർ പോലും ഇപ്പോൾ ബാങ്കിനില്ല.
ഡി.കെ. കശ്യപിനെ മുന്നിൽ നിർത്തി ഉടൻ ഡയറക്ടർ ബോർഡ് റിസർവ് ബാങ്ക് പുനഃസംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ലക്ഷ്മി വിലാസ് ബാങ്കിൽ ചില ഡയറക്ടർമാരെ റിസർവ് ബാങ്ക് ചുമതല ഏൽപിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 10, 35 വകുപ്പുകളനുസരിച്ച് എം.ഡിയുടെ നിയമനവും പുറത്താക്കലും റിസർവ് ബാങ്കിെൻറ നിയന്ത്രണത്തിലാണ്. ഇതിൽ വരുത്തിയ ഇളവിെൻറ ബലത്തിലാണ് ബുധനാഴ്ചത്തെ പൊതുയോഗ അജണ്ടയിൽ പത്താം ഇനമായി ചേർത്ത് എം.ഡിയുടെ നിയമനം ഓഹരിയുടമകളുടെ അംഗീകാരത്തിന് വോട്ടിനിട്ട് പുറത്താക്കിയത്.
രവി പിള്ള, എം.എ. യൂസഫലി, സി.കെ. ഗോപിനാഥൻ, കപിൽ കുമാർ വാധ്വാൻ തുടങ്ങി 10ഓളം പേരുടെ നിയന്ത്രണത്തിൽ പകുതിയോളം ഓഹരിയുള്ള ധനലക്ഷ്മി ബാങ്കിൽ പോൾ ചെയ്ത വോട്ടിെൻറ 90 ശതമാനത്തിലധികം സുനിൽ ഗുർബക്സാനിക്ക് എതിരായി.
ഉത്തരേന്ത്യൻ ലോബിയെ ബാങ്കിൽ മുതൽമുടക്കാൻ ക്ഷണിക്കുന്ന അദ്ദേഹത്തിെൻറ സമീപനമാണ് ഓഹരിയുടമകൾ എതിരാവാൻ കാരണമെന്നാണ് വ്യാഖ്യാനമെങ്കിലും ഓഹരി നിയന്ത്രിക്കുന്ന പകുതി പേരുടെ താൽപര്യം മറികടന്ന് അത്തരം നിക്ഷേപകർ എങ്ങനെ എത്തുമെന്ന ചോദ്യം മറുവിഭാഗം ഉന്നയിക്കുന്നു. എം.ഡി സ്ഥാനത്തേക്ക് ഡയറക്ടർ ബോർഡ് മുന്നോട്ടുവെച്ച പാനലിൽ ഉൾപ്പെട്ടിരുന്ന ഗുർബക്സാനിയെയാണ് പുറത്താക്കിയതെന്ന വിരോധാഭാസവുമുണ്ട്.
തീരുമാനം സ്വാഗതം ചെയ്ത് ഓഫിസർ സംഘടന
തൃശൂർ: ധനലക്ഷ്മി ബാങ്ക് എം.ഡിയെ വോട്ടെടുപ്പിലൂടെ പുറത്താക്കിയ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗ തീരുമാനം സ്വാഗതം ചെയ്ത് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ. ധനലക്ഷ്മി ബാങ്കിൽ ആറ് മാസത്തോളമായി നടക്കുന്ന ചില മാറ്റങ്ങളിലുള്ള ഓഹരി ഉടമകളുടെ ആശങ്കയാണ് ഇതിലൂടെ പ്രകടമായതെന്ന് കോൺഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി സൗമ്യ ദത്ത അറിയിച്ചു.
ബാങ്കിനെ നല്ല നിലയിലേക്ക് വളർത്താൻ റിസർവ് ബാങ്ക് നിയോഗിച്ച എം.ഡി അതിെൻറ ഘടന മാറ്റാനാണ് ശ്രമിച്ചത്. ഈ പഴയ തലമുറ ബാങ്ക് അതിെൻറ വേരിലുറച്ച് അഭിവൃദ്ധിപ്പെടണമെന്നാണ് ഓഹരി ഉടമകൾ ആഗ്രഹിക്കുന്നതെന്ന് വോട്ടെടുപ്പ് വ്യക്തമാക്കുന്നു.
2009-2012 കാലത്ത് അന്നത്തെ മേധാവികൾ സ്വീകരിച്ച ബിസിനസ് മാതൃകയും അതുണ്ടാക്കിയ മുറിവുകളും ഓർമയിലുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. പൊതുയോഗ തീരുമാനത്തിെൻറ അന്തഃസത്ത ഉൾക്കൊണ്ട് സ്വന്തം ഇടത്തിൽ വളരാൻ ബാങ്കിനെ സഹായിക്കുകയാണ് റിസർവ് ബാങ്ക് ചെയ്യേണ്ടതെന്നും സൗമ്യ ദത്ത ചൂണ്ടിക്കാട്ടി.
സംഭവങ്ങൾ ലക്ഷ്മി വിലാസ് ബാങ്കിലേതിന് സമാനം
തൃശൂർ: ധനലക്ഷ്മി ബാങ്കിൽ റിസർവ് ബാങ്ക് നിയമിച്ച മാനേജിങ് ഡയറക്ടർ-സി.ഇ.ഒ സുനിൽ ഗുർബക്സാനിയെ ഓഹരിയുടമകൾ പുറത്താക്കിയതുൾപ്പെടെയുള്ള സംഭവങ്ങൾ ലക്ഷ്മി വിലാസ് ബാങ്കിലേതിന് സമാനം. തമിഴ്നാട് ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്കിൽ ഈ മാസം 25ന് നടന്ന വാർഷിക പൊതുയോഗം എം.ഡിയെയും ചില ഡയറക്ടർമാരെയും വോട്ടിനിട്ട് പുറത്താക്കിയിരുന്നു.
ഇന്ത്യ ബുൾസുമായുള്ള ലയന നീക്കം റിസർവ് ബാങ്ക് തടഞ്ഞശേഷം ക്ലിക്സ് കാപിറ്റലുമായി ലയന നീക്കം നടത്തുന്നതിനിടെയാണ് ലക്ഷ്മി വിലാസ് ബാങ്കിലെ സംഭവ വികാസങ്ങൾ. ധനലക്ഷ്മിയിൽനിന്ന് പുറത്താക്കപ്പെട്ട മാനേജിങ് ഡയറക്ടർ-സി.ഇ.ഒ സുനിൽ ഗുർബക്സാനി സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലും ആക്സിസ് ബാങ്കിലുമായി മൂന്നര പതിറ്റാണ്ടിെൻറ പരിചയമുള്ളയാളാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ്ചുമതലയേറ്റത്. മുൻകാലങ്ങളിൽ ലഭിച്ച പരാതികളിൽ ചീഫ് ജനറൽ മാനേജർക്കെതിരെ നടപടി വേണമെന്ന് റിസർവ് ബാങ്ക് ധനലക്ഷ്മി ബാങ്കിനോട് നിർദേശിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് കത്ത് മുഖേന അടിയന്തര നടപടി ആവശ്യപ്പെട്ടത്. 'കോർപറേറ്റ് ഗവേണൻസ്' പാലിക്കാത്തതിന് റിസർവ് ബാങ്കിെൻറ അടിയന്തര ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ച ചീഫ് ജനറൽ മാനേജർ പി. മണികണ്ഠനെ ധനലക്ഷ്മി ബാങ്ക് പുറത്താക്കുകയായിരുന്നു. എന്നാൽ, മണികണ്ഠൻ സ്വമേധയ രാജിവെച്ച് പോയതാണെന്നാണ് അധികൃതർ വിശദീകരിച്ചത്.
രാജിവെച്ചിട്ടില്ല –സുനിൽ ഗുർബക്സാനി
തൃശൂർ: ബുധനാഴ്ച നടന്ന ധനലക്ഷ്മി ബാങ്ക് ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഭൂരിപക്ഷ വോട്ടിലൂടെ തെൻറ നിയമനത്തിന് എതിരായി തീരുമാനം എടുത്തെങ്കിലും താൻ എം.ഡി സ്ഥാനത്തുനിന്ന് രാജിവെച്ചിട്ടില്ലെന്ന് സുനിൽ ഗുർബക്സാനി വ്യക്തമാക്കി. റിസർവ് ബാങ്ക് ഇതുവരെ തനിക്ക് ഒരു നിർദേശവും തന്നിട്ടില്ലെന്നും അതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ധനകാര്യ ഓൺലൈൻ പോർട്ടലായ 'മണി കൺട്രോൾ' റിപ്പോർട്ട് ചെയ്തു. പൊതുയോഗ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടർമാരുടെ സമിതിയുണ്ടാക്കും –ധനലക്ഷ്മി ബാങ്ക്
തൃശൂർ: പുതിയ മാനേജിങ് ഡയറക്ടർ നിയമിതനായി ബാങ്കിെൻറ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഡയറക്ടർമാരുടെ സമിതിയുണ്ടാക്കാൻ റിസർവ് ബാങ്കിനോട് ശിപാർശ ചെയ്യുമെന്ന് ധനലക്ഷ്മി ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിെൻറ അംഗീകാരം ലഭിക്കുന്ന മുറക്ക് കമ്മിറ്റി പ്രഖ്യാപിക്കും. ശാഖകളും ഓഫിസുകളും തുടർന്നും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും കമ്പനി സെക്രട്ടറി എച്ച്. വെങ്കിടേഷ് വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.