ജാതകനോട്ടം ഇങ്ങ് ഹംഗറിയിലും ഉണ്ട് കേട്ടോ...!
text_fieldsഹംഗറിയിൽനിന്നെത്തിയ നാടക സംഘം
തൃശൂർ: ജാതക നോട്ടത്തിന്റെ ആസ്ഥാന ആളുകൾ നമ്മൾ മലയാളികൾ ആണെന്ന് ധരിച്ചിട്ടുണ്ടെങ്കിൽ തെറ്റി. ഈ വിഷയത്തിൽ നമ്മളേക്കാൾ കേമൻമാർ ലോകത്ത് വേറെയുണ്ട്. ഹംഗറിയിൽനിന്നും അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരണത്തിനെത്തിയ ഹംഗേറിയൻ നാടകം അത് അടിവരയിടും.
ഹംഗറിയിലെ ലിവിങ് പിക്ചേഴ്സ് തിയറ്ററിന്റെ ‘സർക്കിൾ റിലേഷൻസ്’ എന്ന നാടകമാണ് ജാതകനോട്ടത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളുമായി എത്തുന്നത്. നാടകം വ്യാഴാഴ്ച സംഗീത നാടക അക്കാദമി തോപ്പിൽ ഭാസി ബ്ലാക് ബോക്സ് തീയറ്ററിൽ അവതരിപ്പിക്കും. പ്രമുഖ ഹംഗേറിയൻ നാടക പ്രവർത്തക സോഫി ബെർഫിയാണ് ‘സർക്കിൾ റിലേഷൻസി’ന്റെ സംവിധായിക. നാടകത്തെക്കുറിച്ച് ഹംഗേറിയൻ നാടക സംഘം ‘മാധ്യമ’ത്തോട് പങ്കുവെച്ചത്.
എന്താണ് ‘സർക്കിൾ റിലേഷൻസ്’ പ്രമേയം?
ജാതക നോട്ടവുമായി ബന്ധപ്പെട്ട പ്രമേയമാണ് ‘സർക്കിൾ റിലേഷൻസ്’ കൈകാര്യം ചെയ്യുന്നത്. ഒരാളുടെ ഗ്രഹരാശിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കുന്നത് വളരെ രസകരമായിരിക്കും. വ്യക്തിപരമായ ഒരു ചോദ്യത്തിന്റെ ഉത്തരം എന്ന നിലക്ക് ഒരു ജാതകക്കുറിപ്പ് സ്റ്റേജിൽ ജീവസുറ്റതായാൽ എങ്ങനെയിരിക്കും എന്ന് നോക്കുകയാണ് നാടകം. സൗരയൂഥത്തിലെ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി മുന്നിൽ വന്നാൽ എങ്ങനെയുണ്ടാകും. അങ്ങനെയുള്ള ഉത്തരം തേടലാണ് നാടകം.
ജാതകനോട്ടം വശമുണ്ടോ?
കഴിഞ്ഞ 20 വർഷമായി ഞാൻ ജാതക നോട്ടം പ്രാക്ടീസ് ചെയ്യുന്നു. ഇത് സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ജാതകുമായി ബന്ധപ്പെട്ട ചൈനീസ് വിദ്യകളും മനസ്സിലാക്കിയിട്ടുണ്ട്. പുരാതന ചൈനീസ് മൊഴികൾ ഉപയോഗപ്പെടുത്തി ഒരു നാടകവും ചിട്ടപ്പെടുത്തി. ദൈവമാലാഖമാരുമായി സംവദിക്കുന്നതിന്റെ നാടകവും സൃഷ്ടിച്ചിട്ടുണ്ട്. മരണശേഷം ആത്മാവിന്റെ സഞ്ചാരപാത സംബന്ധിച്ചും നാടകങ്ങൾ ചെയ്തിട്ടുണ്ട്. സൗരയൂഥ പഠന ഗവേഷണങ്ങളിലും സജീവമാണ്.
മധ്യ യൂറോപ്പിൽനിന്നുള്ളവർ എന്ന നിലക്ക് ചോദിക്കട്ടെ, യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കേണ്ടതില്ലേ?
യുദ്ധം വിനാശമാണ്. ആര് ചെയ്താലും. യുദ്ധങ്ങൾ അവസാനിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആകെ ഇടകലർന്നവരാണ്. ഞങ്ങളുടെ മാതാപിതാക്കളിൽ ചിലർ യുക്രെയ്നിലും കിയവിലും ഒക്കെയുള്ളവരും ഉണ്ട്. ഞങ്ങളുടെ പാതിരക്തം അതിലൊന്നാണ്. അതിനാൽ കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.