തൃശൂർ നഗരത്തിലെ 144 ദ്രവിച്ച കെട്ടിടങ്ങൾ; നിലംപൊത്താം, ഏതുനിമിഷവും
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിൽ ഏതുനിമിഷവും നിലംപൊത്താൻ പാകത്തിൽ നിൽക്കുന്നത് 144 കെട്ടിടങ്ങൾ. പലതും ബഹുനില കെട്ടിടങ്ങളാണ്. എന്നാൽ, ‘കൈ പൊള്ളും’ എന്നതിനാൽ കോർപറേഷൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഏത് നിമിഷവും ദുരന്തത്തിന് കാതോർത്തിരിക്കേണ്ട അവസ്ഥയിലാണ് പല കെട്ടിടങ്ങളും. ഇവകളെല്ലാം സജീവമായി ആളുകൾ കയറിയിറങ്ങുന്നതാണ്. കാലപ്പഴക്കവും ഉറപ്പുമെല്ലാം നിരീക്ഷിച്ച് അഗ്നിരക്ഷാസേന പലപ്പോഴായി നോട്ടീസ് നൽകിയവയാണ് ഇവയിൽ പലതും. കഴിഞ്ഞ ദിവസം നഗരത്തിലെ ഹൈ റോഡിൽ കാലപ്പഴക്കം കാരണം മഴയിൽ കെട്ടിടം തകർന്നുവീണിരുന്നു. ഹോട്ടലും സ്റ്റേഷനറി മൊത്ത വ്യാപാര കടയുമടക്കം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. കെട്ടിടം നിലത്തേക്ക് ഇരുന്നതിനെ തുടർന്ന് ഉടൻ പൊളിച്ചുനീക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കെട്ടിടത്തിന്റെ മുകളിൽ ടിൻ ഷീറ്റ് മേഞ്ഞ് സംരക്ഷിക്കുന്ന നിലപാടാണ് ഉടമ കൈക്കൊണ്ടത്. കെട്ടിടം അങ്ങേയറ്റം അപകടത്തിലായതിനെ തുടർന്ന് പൊലീസെത്തി ആളുകളെയും വ്യാപാരികളെയും ഒഴിപ്പിച്ചിരുന്നു. പൊളിച്ചുനീക്കാൻ കോർപറേഷൻ ആവശ്യപ്പെട്ട കെട്ടിടം തകർന്നിട്ട് വീണ്ടും അറ്റകുറ്റപ്പണി നടത്തുന്നത് ആരുടെ ഒത്താശയോടെയാണെന്ന ചോദ്യം ബാക്കി.
രണ്ടാഴ്ച മുമ്പ് സ്വരാജ് റൗണ്ടിലെ കെട്ടിടത്തിന്റെ ഗ്ലാസ് തകർന്നുവീണ് താഴെനിന്ന ആൾക്ക് പരിക്കേറ്റിരുന്നു. ഇതിനെതിരെയും നടപടിയുണ്ടായിട്ടില്ല. സംഭവശേഷം സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള 40 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി തൃശൂർ അഗ്നിരക്ഷാസേന അധികൃതർ പറയുന്നു. പുറമേ കാണുന്ന അപകടങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഫയർഫോഴ്സ് നോട്ടീസ് നൽകിയത്. ഇവ കയറി പരിശോധിക്കാനോ വേണ്ട നടപടി എടുക്കാനോ ഫയർഫോഴ്സിന് അധികാരമില്ല. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് പരിശോധനയും നടപടിയും എടുക്കേണ്ടത്. കോർപറേഷൻ കെട്ടിട വിഭാഗം എൻജിനീയറാണ് പഴക്കമുള്ള കെട്ടിടങ്ങൾ പരിശോധിച്ച് നോട്ടീസ് നൽകി നടപടിയെടുക്കേണ്ടത്.
അതിനാൽ ശ്രദ്ധയിൽപെട്ട കെട്ടിടങ്ങളുടെ വിവരങ്ങൾ കോർപറേഷനും ജില്ല ദുരന്ത നിവാരണ സേനക്കും കൈമാറിയിട്ടുള്ളതായും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വ്യാപാരികൾ സംഘടിതമായി എതിർക്കുന്നതിനാൽ ഇത്തരം നടപടികൾ പ്രാവർത്തികമാക്കുക അങ്ങേയറ്റം പ്രയാസമുള്ള കാര്യമാണെന്നും പല പഴയ കെട്ടിടങ്ങളും അപകടവക്കിലാണുള്ളതെന്നും അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ പറയുന്നു. സ്വരാജ് റൗണ്ടിന് ചുറ്റിനുമുള്ള പല ബഹുനില വ്യാപാര സ്ഥാപനങ്ങൾക്കും വേണ്ടത്ര സുരക്ഷ മുൻകരുതലുകൾ പോലുമില്ല. റോഡിലേക്ക് ഇറക്കിയുള്ള നിർമാണങ്ങൾ അടക്കമുള്ളവയുണ്ട്. ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് കോർപറേഷൻ അധികൃതർ. ചില കെട്ടിടങ്ങൾ ജീർണിച്ച ഭാഗം ജിപ്സം ബോർഡുകൾ ഉപയോഗിച്ച് മറച്ചിരിക്കുന്നതിനാൽ പഴക്കം നിർണയിക്കുക സാധ്യമല്ല. ഇവ കോർപറേഷൻ എൻജിനീയർമാർ പരിശോധിച്ചാൽ മാത്രമേ നടപടി എടുക്കാനാകൂ.
സുരക്ഷ സാക്ഷ്യപത്രങ്ങളില്ലാത്ത കെട്ടിടങ്ങൾ പൊളിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് മേയർ എം.കെ. വർഗീസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നഗരത്തിൽ 144 കെട്ടിടങ്ങൾ പരിപൂർണമായി ജീർണാവസ്ഥയിലുണ്ടെന്നും അവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ പൊളിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ സ്ഥാപനങ്ങളിലെല്ലാം ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും തുടർനടപടി എന്നാണ് മേയർ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.