വടക്കാഞ്ചേരിയിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു
text_fieldsവടക്കാഞ്ചേരി: നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി ഗവ.ബോയ്സ് സ്കൂൾ, പാർളിക്കാട് ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് സജ്ജമാക്കാനും അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റാനും നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര യോഗം തീരുമാനിച്ചു. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കാനകൾ വീണ്ടും പരിശോധിക്കാനും അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി ഉറപ്പാക്കാനും നിർദേശം നൽകി. പുഴയുടെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത നിർദേശങ്ങൾ പാലിക്കണം. വാർഡ്തല ആർ.ആർ.ടി സംവിധാനം വിളിച്ചു ചേർക്കാനും ചാത്തൻചിറയുടെ വാൽവ് തുറക്കാനും തീരുമാനിച്ചതായും നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അറിയിച്ചു.
അഗ്നിരക്ഷാസേന, െപാലീസ്, വില്ലേജ് ഓഫിസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർ, വടക്കാഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, വ്യാപാര വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, നഗരസഭ സെക്രട്ടറി, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, വികസനകാര്യ കമ്മിറ്റി ചെയർമാൻ അനൂപ് കിഷോർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജമീലാബി, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സ്വപ്ന ശശി, വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
വീട് തകർന്നു
ഒല്ലൂർ: കനത്ത മഴയിൽ പനയംപാടത്ത് ഓടിട്ട വീടിന്റെ ഒരു ഭാഗം തകർന്നുവീണു. ആർക്കും പരിക്കില്ല. പനയംപാടം പൊന്നാരി ദേവസിയുടെ വീടാണ് ചൊവ്വാഴ്ച പുലർച്ച രണ്ടരക്ക് തകർന്നത്. വീട്ടിൽ ദേവസിയും മകൾ ജാൻസിയും ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എടക്കുന്നി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു
വേലൂർ: തോടിന് സമീപത്തെ വീടിന്റെ ചുറ്റുമതിൽ ഭാഗികമായി ഇടിഞ്ഞുവീണു. വേലൂർ സർവിസ് സഹകരണ സൊസൈറ്റിക്കടുത്ത നെൽപാടത്തിന് സമീപമുള്ള അറക്കല്‍ വീട്ടിൽ തങ്കച്ചന്റെ പുരയിടത്തിന്റെ ചുറ്റുമതിലാണ് തിങ്കളാഴ്ച രാത്രി ഇടിഞ്ഞ് തോട്ടിലേക്ക് വീണത്. എട്ടടിയോളം താഴ്ചയിലാണ് തോടൊഴുകുന്നത്. വീടിന്റെ സുരക്ഷക്കായി അടിഭാഗത്തുനിന്നാണ് മതിൽ കെട്ടിയുയർത്തിയിരുന്നത്. നാല് അടിയോളം വീതിയുള്ള തോട് കൈയേറ്റങ്ങൾമൂലം ഈ ഭാഗത്ത് രണ്ട് അടിയായി ഇടുങ്ങിയ നിലയിലാണുള്ളത്. ശക്തമായി പെയ്ത മഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതാണ് മതിൽ ഇടിയാൻ കാരണം. വീടിനും അപകട ഭീഷണിയുണ്ട്. വാർഡ് അംഗം സി.ഡി. സൈമണും എരുമപ്പെട്ടി പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം
കുന്നംകുളം: മഴ കനത്ത സാഹചര്യത്തില്‍ മഴക്കെടുതി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ അടിയന്തരമായി കണ്ട്രോള് റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കും. നമ്പറുകള്‍: 04885-222221, 9188955211, 9544712644, 9847829876, 8113092933, 9447801582, 9544961406.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.