കരുവന്നൂർ ബാങ്കിൽനിന്നുള്ള പെൻഷൻ വിതരണം; നഗരസഭ യോഗത്തിൽ ൈകയാങ്കളി
text_fieldsഇരിങ്ങാലക്കുട: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽ നിന്നുള്ള സാമൂഹികസുരക്ഷ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നത് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ൈകയാങ്കളി. സംഘർഷം തടയാനെത്തിയ പൊലീസ് പ്രതിപക്ഷ കൗൺസിലറെ നീക്കാൻ ശ്രമിച്ചത് എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞത് പൊലീസും എൽ.ഡി.എഫും തമ്മിലും വാക്കേറ്റമുണ്ടാക്കി. സംഘർഷങ്ങളെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി.
നഗരസഭ പരിധിയിലെ കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷനുകളുടെ വിതരണത്തെക്കുറിച്ച് ഒക്ടോബർ 24ന് 15 കൗൺസിലർമാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്ന് ചെയർപേഴ്സൻ സോണിയ ഗിരി വിശദീകരിച്ചു. തുടർന്ന് വിഷയം അവതരിപ്പിച്ച ഭരണകക്ഷി കൗൺസിലർ ടി.വി. ചാർലി ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിനെ തുടർന്ന് പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണെന്നും വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ബാങ്ക് തട്ടിപ്പ് വിഷയത്തിൽ പ്രാദേശിക സി.പി.എം നേതാക്കൾ നേരിട്ട അച്ചടക്ക നടപടികളിലേക്ക് ചാർലി കടന്നതോടെ, ക്ഷുഭിതരായ എൽ.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് കുറച്ച് സമയത്തേക്ക് യോഗം ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഉന്തിലും തള്ളിലും മുങ്ങി.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞ സി.ഐ എസ്.പി. സുധീരൻ, എസ്.ഐമാരായ വി. ജിഷിൽ, ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യോഗത്തിെൻറ നിയന്ത്രണം ഏറ്റെടുത്തു. ബഹളം തുടരുന്നതിനിടെ എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ചെയർപേഴ്സെൻറ മുറിക്കു മുന്നിൽ കുത്തിയിരുന്നു. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പെൻഷൻ വിതരണം കരുവന്നൂർ ബാങ്കിെൻറ ചുമതലയിൽ നിന്ന് മാറ്റണമെന്നും ബി.ജെ.പി അംഗം ടി.കെ. ഷാജുട്ടൻ ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ വകുപ്പ് മന്ത്രിയെ നഗരസഭ സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരിട്ട് കാണണമെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ സന്തോഷ് ബോബനും ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ പി.ടി. ജോർജ്, ഭരണകക്ഷി അംഗങ്ങളായ എം.ആർ. ഷാജു, ജെയ്സൻ പാറേക്കാടൻ, സുജ സഞ്ജീവ്കുമാർ, ബൈജു കുറ്റിക്കാടൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. പെൻഷൻ വിതരണത്തിലെ കാലതാമസം സംബന്ധിച്ച വിഷയം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.
യോഗാന്ത്യം നാടകീയം
ഇരിങ്ങാലക്കുട: അടിയന്തര നഗരസഭ യോഗം പിരിഞ്ഞശേഷം നടന്നത് നാടകീയരംഗങ്ങൾ. യോഗശേഷം തെൻറ മുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചെയർപേഴ്സനെ മുറിയുടെ മുന്നിൽ കുത്തിയിരിക്കുകയായിരുന്ന എൽ.ഡി.എഫ് അംഗങ്ങൾ തടഞ്ഞു.
ഭരണ -പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഉന്തും തള്ളലും തടയാൻ പൊലീസും ശ്രമിച്ചതോടെ വീണ്ടും സംഘർഷം ഉടലെടുത്തു. ബഹളങ്ങൾക്കിടയിൽ എൽ.ഡി.എഫ് അംഗം നസീമ കുഞ്ഞുമോൻ നിലത്ത് വീണു. ഇതിനിടെ എൽ.ഡി.എഫ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.സി. ഷിബിനെ പൊലീസ് നീക്കാൻ ശ്രമിച്ചത് താഴെ പ്രതിഷേധവുമായി നിന്ന എൽ.ഡി.എഫ് നേതാക്കളായ വി.എ. മനോജ്കുമാർ, പി. മണി എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പൊലീസിന് എതിരായി പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴങ്ങി.
സംഘർഷത്തിനിടയിൽ നഗരസഭ മൈതാനത്ത് വീണ സി.സി. ഷിബിനെ എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷങ്ങൾക്കിടയിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട എൽ.ഡി.എഫ് കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, ടി.കെ. ജയാനന്ദൻ, എൻ.എസ്. സഞ്ജയ് എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവങ്ങളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
കരുവന്നൂർ ബാങ്കിന് രക്ഷാപാക്കേജായി തീരുമാനം ഈയാഴ്ച
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ പ്രതിസന്ധിയിൽനിന്നും രക്ഷിക്കാനുള്ള പാക്കേജ് തയാറായി. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പാക്കേജ് സമർപ്പിച്ചു. ഇതിൽ ഈ ആഴ്ചതന്നെ തീരുമാനം ഉണ്ടായേക്കും. നിലവിലെ സാഹചര്യം മറികടക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് നേരത്തെ ബാങ്കിെൻറ ആസ്തി-ബാധ്യത പരിശോധിച്ച സമിതി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അടിയന്തരമായി 156 കോടി അനുവദിക്കാനാണ് സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. ഭീമമായ തുക കേരള ബാങ്ക് ഒറ്റയടിക്ക് അനുവദിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിൽ ബാങ്കുകളുടെ കൺസോർഷ്യം വഴി പണം നൽകാനാവും സാധ്യത. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.