കനത്ത സുരക്ഷയിൽ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്
text_fieldsവോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ സ്വീകരണ, വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. യാത്രാ വേളയില്‍ പൊലീസും സെക്ടറല്‍ ഓഫിസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
പോളിങ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ച സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വ്യാഴാഴ്ചകൂടി അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വേതനത്തോടെ പൊതു അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പോളിങ് ബൂത്തുകൾ കർശന നിരീക്ഷണത്തിൽ
എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
കലക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കമാന്‍ഡ് കണ്ട്രോള് റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. ഒരു നിയമസഭാ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കണ്ട്രോള് റൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. പോളിങ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും.
ഇതിന് പുറമെ ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്ക്വാഡ്, ജില്ലയില്‍ 16 ലൊക്കേഷനുകളിലെ ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി, ഒമ്പത് പരിശീലന കേന്ദ്രം, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഡിസ്റ്റലറി ആന്‍ഡ് ബ്രൂവറി തുടങ്ങിയവയും തത്സമയം കമാന്‍ഡ് കണ്ട്രോള് റൂമില്‍ നിരീക്ഷിക്കും.
അതീവ സുരക്ഷയില്‍ 48 പ്രശ്നബാധിത ബൂത്തുകള്‍
ജില്ലയില്‍ 48 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യത ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും.
കുന്നംകുളം-രണ്ട്, ഗുരുവായൂര്‍-ഒമ്പത്, മണലൂര്‍-10, വടക്കാഞ്ചേരി-രണ്ട്, ഒല്ലൂര്‍-മൂന്ന്, നാട്ടിക-മൂന്ന്, കയ്പമംഗലം-ആറ്, ഇരിങ്ങാലക്കുട-മൂന്ന്, പുതുക്കാട്-ഒന്ന്, ചാലക്കുടി-ഏഴ്, കൊടുങ്ങലൂര്‍-രണ്ട് എന്നിങ്ങനെയാണ് കണക്ക്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുള്ള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
11,160 പോളിങ് ഉദ്യോഗസ്ഥര്‍
ജില്ലയില്‍ 13 നിയോജക മണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പെടെ 11160 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.
പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ സ്ക്വാഡുകൾ
പരസ്യപ്രചാരണം അവസാനിച്ച സാഹചര്യത്തിൽ മാതൃക പെരുമാറ്റച്ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ജില്ലയില്‍ വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 38 ഫ്ലയിങ് സ്ക്വാഡ്, 74 സ്റ്റാറ്റിക് സര്‍വേലന്‍സ് സ്ക്വാഡ്, 35 ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് തുടങ്ങിയവ ചട്ടലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
5000ലധികം പൊലീസുകാര്‍
തെരഞ്ഞെടുപ്പ് സുരക്ഷക്കായി ജില്ലയില്‍ 5000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. തൃശൂര്‍ സിറ്റി ഏകദേശം 3000, റൂറല്‍ 2445 ജീവനക്കാരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
തൃശൂര്‍ സിറ്റി പരിധിയില്‍ തൃശൂര്‍, ഗുരുവായൂര്‍, ഒല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട് എന്നിങ്ങനെ ആറു ഇലക്ഷന് സബ് ഡിവിഷനായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്, എട്ട് ഡി.വൈ.എസ്.പി, 27 സി.ഐ, 200 എസ്.ഐ, 1500 സി.പി.ഒ/ എസ്.സി.പി.ഒ എന്നിവരെ കൂടാതെ 1137 സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയും (എസ്.പി.ഒ) നിയമിച്ചിട്ടുണ്ട്.
സി.എ.പി.എഫ് 72 പേരും ഫോറസ്റ്റ്, എം.വി.ഡി വകുപ്പില്‍ നിന്നും 27 പേരും ഉള്‍പ്പെടുന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സ്ട്രോങ്ങ് റൂം സുരക്ഷക്കായി 24 സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും കോളജ് പരിസരത്തായി 144 ലോക്കല്‍ പൊലീസിനെയും ചുമതലപ്പെടുത്തി.
11665 പരാതികള്‍ പരിഹരിച്ചു
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 24 വരെ ലഭിച്ചത് 12422 പരാതികള്‍. ഇതില്‍ 11665 പരാതികള്‍ പരിഹരിച്ചു. 757 എണ്ണം തള്ളി.
നീക്കിയത് 7.36 ലക്ഷം പ്രചാരണ സാമഗ്രികള്‍
തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 736706 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
ഇതുവരെ പൊതുസ്ഥലങ്ങളിലെ 2574 ചുവരെഴുത്തുകള്‍, 606138 പോസ്റ്ററുകള്‍, 25404 ബാനര്‍, 100044 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 734160 സാമഗ്രികളാണ് നീക്കിയത്. സ്വകാര്യ വ്യക്തികളുടെ ഇടങ്ങളിലെ 33 ചുവരെഴുത്തുകള്‍, 2131 പോസ്റ്ററുകള്‍, 42 ബാനര്‍, 340 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 2546 എണ്ണം നീക്കി.
വിതരണ കേന്ദ്രങ്ങൾ:
ചേലക്കര- ഗവ. എച്ച്.എസ്.എസ് ചെറുത്തുരുത്തി
കുന്നംകുളം- ഗവ. ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി
ഗുരുവായൂര്‍ - എം.ആര്. രാമന് മെമ്മോറിയല്‍ ഹൈസ്കൂള്‍, ചാവക്കാട്
മണലൂര്‍- ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗുരുവായൂര്‍
ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, വടക്കാഞ്ചേരി- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്
കയ്പമംഗലം- സെന്റ് ജോസഫ് എച്ച് എസ്, മതിലകം
ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
പുതുക്കാട്- സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട
ചാലക്കുടി- കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചാലക്കുടി
കൊടുങ്ങല്ലൂര്‍- പി. ഭാസ്കരന് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊടുങ്ങല്ലൂര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.