ഗുരുവായൂരില്‍ എട്ട് പേരെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
text_fieldsഗുരുവായൂര്‍: ദര്‍ശനത്തിനെത്തിയ ഭക്തര്‍ അടക്കമുള്ള എട്ട് പേരെ കടിച്ച നായ്ക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം. തിങ്കളാഴ്ച ഉച്ചക്ക് ഭക്തരെ കടിച്ച നായ് പിന്നീട് ചത്തിരുന്നു. ഇതിനെ മണ്ണുത്തി വെറ്റിനറി കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. പേയിളകിയ നായ് കൂടുതല്‍ നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കളുടെ സംഘം വിലസുന്നുണ്ട്. തെരുവ് നായുടെ കടിയേറ്റവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കണമെന്നും നിര്‍ദേശിക്കുന്ന തുടര്‍ വാക്‌സിനുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
തെരുവുനായ് നിയന്ത്രണം: തടസ്സം മാറാന്‍ നിയമം കനിയണം -നഗരസഭ ചെയർമാൻ
ഗുരുവായൂര്‍: ക്ഷേത്ര നഗരയില്‍ തെരുവുനായ് ശല്യം രൂക്ഷമാവുകയും ദര്‍ശനത്തിനെത്തുന്ന ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ക്ക് കടിയേല്‍ക്കുകയും ചെയ്തിട്ടും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പദ്ധതിയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തിങ്കളാഴ്ച ദര്‍ശനത്തിനെത്തിയ എട്ട് പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്. മൂന്ന് വര്‍ഷം മുമ്പ് ക്ഷേത്ര പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് എ.ബി.സി പദ്ധതിയില്‍ വന്ധ്യംകരിച്ചിരുന്നു. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍ 2021 ഡിസംബര്‍ 17ലെ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കുടുംബശ്രീ അധികൃതര്‍ നിര്‍ദേശം നല്‍കി. എ.ബി.സി പദ്ധതിക്കായി നഗരസഭ വിഹിതം മാറ്റിവെച്ചിട്ടുണ്ടെങ്കിലുംം കോടതിയുടെ സ്റ്റേയാണ് തടസ്സമാവുന്നതെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് പറഞ്ഞു.
വന്ധ്യംകരണ നടപടികള്‍ക്കായി നഗരസഭ സ്വന്തമായി സ്ഥലം കണ്ടത്തേണ്ടതുണ്ട്. ഇത് ഗുരുവായൂരിലെ സാഹചര്യങ്ങളില്‍ പ്രയാസമാണ്. ദേവസ്വവുമായി സഹകരിച്ച് ഷെല്‍റ്ററിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇത്തരം ഷെല്‍റ്ററുകളില്‍ ഡോക്ടര്‍മാര്‍, പട്ടിപിടിത്തക്കാര്‍ തുടങ്ങിയവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കേണ്ടതുണ്ട്. പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളെ വന്ധ്യംകരിച്ച ശേഷം മൂന്നുദിവസം നിരീക്ഷിക്കണം. തുടര്‍ന്ന് അവയെ പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടുകയും വണം. തുടര്‍ച്ചയായി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നടപ്പാക്കിയാല്‍ മാത്രമെ എ.ബി.സി കൊണ്ട് ഫലമുണ്ടാവുകയുള്ളൂ എന്നതിനാല്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം എളുപ്പമല്ല. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നിയമനിര്‍മാണത്തിനായി ആവശ്യമുന്നയിക്കുമെന്ന് സംസ്ഥാന നഗരസഭ ചെയര്‍മാന്‍ ചേംബര്‍ അധ്യക്ഷന്‍ കൂടിയായ കൃഷ്ണദാസ് പറഞ്ഞു.
നഗരസഭയും ദേവസ്വവും ഇടപെടണം -പ്രതിപക്ഷം
ഗുരുവായൂര്‍: നഗരത്തിലെ തെരുവ് നായ് ശല്യം പരിഹരിക്കാന്‍ നഗരസഭയും ദേവസ്വവും അടിയന്തരമായി ഇടപെടണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു. ചിങ്ങം ഒന്ന് മുതല്‍ ഭക്തജന തിരക്കേറുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷ സംവിധാനങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ടു.
ഒന്നാം പ്രതി നഗരസഭയും ദേവസ്വവും -യൂത്ത് കോണ്‍ഗ്രസ്
ഗുരുവായൂര്‍: മാസങ്ങളായി തെരുവ് നായ് ശല്യം നഗരത്തില്‍ രൂക്ഷമായിട്ടും കണ്ടില്ലെന്ന് നടിച്ച നഗരസഭ-ദേവസ്വം അധികാരികളാണ് ഭക്തരെ നായ് കടിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കടിയേറ്റവരുടെ ചികിത്സ ചെലവുകള്‍ നഗരസഭയും ദേവസ്വവും വഹിക്കണമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് നിഖില്‍ ജി. കൃഷ്ണന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കലക്ടർക്ക് കത്ത്
ക്ഷേത്ര പരിസരത്തെ തെരുവ് നായ് ശല്യത്തിന് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ക്ഷേത്രം വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ കലക്ടർക്ക് കത്ത് നൽകി. തെരുവ് നായ് ആക്രമണത്തിൽ നിസ്സാര പരിക്കേറ്റ പലരും ചികിത്സ തേടിയിട്ടില്ലെന്നത് ആശങ്കയായിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് ദർശനത്തിനെത്തി മടങ്ങിയ പലരും ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നു. ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് പലരും അറിയാതിരിക്കാനും സാധ്യതയുണ്ട്. ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളിൽ എത്രപേരെ പേയിളകിയ നായ് ആക്രമിച്ചിട്ടുണ്ടെന്നും അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.