മൃതദേഹം ദാനം ചെയ്യൽ; മാർഗനിർദേശങ്ങൾ പുതുക്കി
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിലേക്ക് മരണാനന്തരം മൃതദേഹം ദാനം ചെയ്യാനായി പുതുക്കിയ മാർഗനിർദേശങ്ങൾ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം പുറത്തിറക്കി. താൽപര്യമുള്ളവർ മാർഗ നിർദേശപ്രകാരം സമ്മതപത്രം തയാറാക്കി ഫോൺ നമ്പർ സഹിതം രേഖകൾ പോസ്റ്റലായി മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിലേക്ക് അയക്കണം.
ബോഡി ഡോണർ ഐ.ഡി കാർഡ് ദാതാവിന്റെ മേൽവിലാസത്തിലേക്ക് അയച്ച് കൊടുക്കും. നിർദിഷ്ട മാതൃകയിൽ നൂറു രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം തയാറാക്കി ഗവ. മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം പ്രഫസർക്ക് നൽകണം. ദാതാവിന്റെ നിയമപരമായ എല്ലാ അവകാശികളുടെയും സമ്മതം നിർബന്ധമാണ്.
ബന്ധുക്കൾ ഇല്ലാത്തപക്ഷം അക്കാര്യം വ്യക്തമാക്കണം. സമ്മതപത്രത്തിൽ എല്ലാ അവകാശികളും രണ്ട് സാക്ഷികളും ഒപ്പിട്ടിരിക്കണം. സമ്മതപത്രത്തിനൊപ്പം ദാതാവിന്റെ ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പും കൂടാതെ എല്ലാ അനന്തരാവകാശികളുടെയും സാക്ഷികളുടെയും ആധാർ കാർഡിന്റെ പകർപ്പുകളും സമർപ്പിക്കണം.
രേഖകൾ സമ്പൂർണമായി സമർപ്പിച്ച് കഴിഞ്ഞാൽ ‘ബോഡി ഡോണർ ഐ.ഡി കാർഡ്’ നൽകുന്നതാണ്. ഈ കാർഡ് എപ്പോഴും കൈവശം ഉണ്ടായിരിക്കണം. മരണശേഷം ആറുമണിക്കൂറിനുള്ളിൽ മൃതശരീരം മെഡിക്കൽ കോളജിൽ എത്തിക്കണം. ആറു മണിക്കൂറിൽ കൂടുതൽ സമയം എടുക്കുമെങ്കിൽ ശരീരം ഫ്രീസറിൽ സൂക്ഷിച്ചിട്ടായിരിക്കണം അനാട്ടമി ഡിപ്പാർട്ട്മെന്റിലേക്ക് എത്തിക്കേണ്ടത്.
ഇക്കാര്യം ബന്ധുക്കളെ ബോധ്യപ്പെടുത്തണം. പോസ്റ്റ്മോർട്ടത്തിന് വിധേയമായ മൃതദേഹങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തതാണെങ്കിൽ കൂടി അവ സ്വീകരിക്കില്ല. എല്ലാ നിർദേശങ്ങളും ദാതാവിന്റെ ബന്ധുക്കൾ അറിഞ്ഞിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 9446435566, 0487 2201355.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.