ഡോ. ആനി; ഒാർമയായത് ചാലക്കുടിയുടെ സ്വന്തം ഡോക്ടറമ്മ
text_fieldsചാലക്കുടി: ഡോ. ആനി ജോണിെൻറ മരണത്തോടെ ചാലക്കുടിയിലെ തലമുറകളെ ജീവിതത്തിെൻറ വെള്ളിവെളിച്ചത്തിലേക്ക് ഉയർത്തിയെടുത്ത കൈകളാണ് നിശ്ചലമായത്. ആധുനിക ചികിത്സാസൗകര്യങ്ങൾ പ്രചാരത്തിൽ വന്നിട്ടില്ലായിരുന്ന പഴയ ചാലക്കുടിയിൽ ഡോ. ആനിയുടെ സേവനം പ്രധാനമായിരുന്നു.
രോഗങ്ങൾക്ക് ആയുർവേദ വൈദ്യരെയും പ്രസവത്തിന് വയറ്റാട്ടികളെയും ആശ്രയിച്ചിരുന്ന കാലഘട്ടത്തിലാണ് ഡോക്ടർ ചാലക്കുടിയിൽ സേവനം ആരംഭിക്കുന്നത്.
പ്രസവചികിത്സാരംഗത്താണ് ആനി പ്രാഗത്ഭ്യം തെളിയിച്ചത്. ചാലക്കുടിയിലെ ഡോക്ടറമ്മയായി മാറിയത് അങ്ങനെയാണ്. അയ്യമ്പിള്ളി സ്വദേശിയായ ഡോക്ടർ ആനിയും ഡോക്ടർ ഒ.സി. ജോണും വിവാഹിതരായതോടെയാണ് ഇരുവരും ചാലക്കുടി കർമമേഖലയായി തെരഞ്ഞെടുത്തത്. 1958ൽ സൗത്ത് ജങ്ഷനടുത്ത് കോൺവെൻറ് റോഡിൽ ജെ.എ ആശുപത്രി ആരംഭിച്ചു. നിരവധി സ്ത്രീകളായ രോഗികൾ ഇവിടെ ചികിത്സതേടിയെത്തി. പാവപ്പെട്ട രോഗികൾക്ക് ആശ്രയംകൂടിയായിരുന്നു ഈ ആശുപത്രി. ഭർത്താവ് ഡോ. ജോൺ മരിച്ചതിന് ശേഷം അവർ ആശുപത്രി ഒറ്റക്ക് നടത്തി. 2002ൽ ആശുപത്രിയുടെ പ്രവർത്തനം നിർത്തി.
ചലച്ചിത്രകാരനായ ലോഹിതദാസ് 'അമരം' എന്ന സിനിമയുടെ തിരക്കഥയിൽ "നിന്നെ ഞാൻ ആനി ഡോക്ടറെക്കാൾ വലിയ ഡോക്ടറാക്കും" എന്ന് എഴുതുന്നുണ്ട്. ചാലക്കുടിയുടെ ജനകീയ ഡോക്ടറാണ് ആനിയുടെ മരണത്തോടെ ഇല്ലാതാവുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചാലക്കുടിയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 8.45ഓടെയാണ് മരണം. മൃതദേഹം ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ.
വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം 3.30ന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും. ഡോക്ടർ ആനിയുടെ നിര്യാണത്തിൽ ബി.ഡി. ദേവസി എം.എൽ.എ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.