ഡോ. കെ.എസ്. മണിലാൽ: ഹോർത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ ശാസ്്ത്രജ്ഞൻ
text_fieldsതൃശൂർ: ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിച്ച ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിൻ ഗ്രന്ഥം മൂന്ന് നൂറ്റാണ്ടിനുശേഷം മലയാളനാടിനും ഇംഗ്ലീഷ് വഴങ്ങുന്നവർക്കും പ്രാപ്യമാകാൻ നടത്തിയ അശ്രാന്ത പരിശ്രമമാണ് ഡോ. കെ.എസ്. മണിലാലിനെ ശ്രദ്ധേയനാക്കിയത്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡാണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വാള്യങ്ങളുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ തയാറാക്കിയത്.
1958ൽ അദ്ദേഹം നടത്തിയ പ്രവർത്തനമാണ് 2003ൽ ‘ഹോർത്തൂസി’ന്റെ ഇംഗ്ലീഷ് പതിപ്പും 2008ൽ മലയാളം പതിപ്പും ഇറങ്ങാൻ വഴിതെളിച്ചത്. കേരള സർവകലാശാലയാണ് ഇത് രണ്ടും പ്രസിദ്ധീകരിച്ചത്. അതിനിടെ ‘റോയൽ സൊസൈറ്റി നഫീൽഡ് ഫൗണ്ടേഷൻ ഫെലോ’ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാൽ 1971ൽ ബ്രിട്ടനിലും സസ്യശാസ്ത്ര ഗവേഷണം നടത്തി.
1970-‘74 കാലത്താണ് കോഴിക്കോട് നഗരത്തിലെയും പരിസരത്തെയും സസ്യസമ്പത്തിനെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ പഠനം നടന്നത്. 1981-‘85 കാലത്ത് സൈലന്റ് വാലിയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് ഇദ്ദേഹവും സംഘവും നടത്തിയ പഠനം ആ അമൂല്യ മഴക്കാടുകളെ രക്ഷിക്കാൻ സഹായകമായി. ഇന്ത്യൻ ഗവേഷകർക്കിടയിൽ അവഗണിക്കപ്പെട്ട സസ്യവർഗീകരണ ശാസ്ത്രത്തിന് പുതുജീവൻ നൽകാനും മണിലാലിന്റെ നേതൃത്വത്തിലുള്ള പഠനങ്ങൾ വഴിതെളിച്ചു. കാലിക്കറ്റ് സർവകലാശാല കേന്ദ്രമായി 1989ൽ ‘ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമി’(ഐ.എ.എ.ടി) സ്ഥാപിക്കാൻ മുൻകൈയെടുത്ത മണിലാൽ അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ആ സംഘടനയുടെ നേതൃത്വത്തിൽ 1991ൽ പ്രസിദ്ധീകരണം ആരംഭിച്ച ‘റീഡിയ’ ഗവേഷണ ജേണലിന്റെ ചീഫ് എഡിറ്ററുമായി.
ഹോർത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഉൾപ്പെടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.‘ഫ്ലോറ ഓഫ് കാലിക്കറ്റ്’, ‘ഫ്ലോറ ഓഫ് സൈലന്റ് വാലി’, ‘ബോട്ടണി ആൻഡ് ഹിസ്റ്ററി ഓഫ് ഹോർത്തൂസ് മലബാറിക്കൂസ്’, ‘ആൻ ഇന്റർപ്രട്ടേഷൻ ഓഫ് വാൻ റീഡ്സ് ഹോർത്തൂസ് മലബാറിക്കൂസ്’, ‘ഹോർത്തൂസ് മലബാറിക്കൂസ് ആൻഡ് ദി സോഷ്യോ-കൾചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ’ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.