തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവിയായി ഡോ. ഉന്മേഷ് ചുമതലയേറ്റു
text_fieldsതൃശൂർ: ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായി ഡോ. ഉന്മേഷ് അയ്യഞ്ചിറ ചുമതലയേറ്റു. ഷൊർണൂരിൽ യുവതി ട്രെയിനിൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നുണ്ടായ സസ്പെൻഷന് പിന്നാലെ പത്തുവർഷം മുമ്പാണ് ഉന്മേഷ് മെഡിക്കൽ കോളജിന്റെ പടിയിറങ്ങിയത്. ഒരുവർഷം നീണ്ട സസ്പെൻഷന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.
പോസ്റ്റ്മോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് അന്നത്തെ കേസിൽ തുടക്കം മുതൽ വിവാദമായത്. ഡോ. ഉന്മേഷ് തന്നെയാണ് പോസ്റ്റ്മോർട്ടം ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫോറൻസിക് മേധാവിയായിരുന്ന ഡോ. ഷേർളി വാസുവിനെയാണ് പ്രോസിക്യൂഷന് സാക്ഷിയാക്കിയത്. അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. 2011ൽ കേസിന്റെ വിചാരണ നടക്കുമ്പോൾ ഡോ. ഉന്മേഷ് കോടതിയിൽ ഹാജരായി മൊഴി നൽകി.
ഡോ. ഷേർളിയുടെയും ഡോ. ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായി വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും മൊഴിയിലെ വൈരുധ്യം കാരണം ഉന്മേഷ് പ്രതിഭാഗം ചേർന്നതായി പ്രചാരണമുയർന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പ്രതി ഗോവിന്ദച്ചാമിക്കായി ഒത്തുകളിച്ചുവെന്ന മട്ടിൽ വിവാദം വളർന്നതോടെയാണ് ഉന്മേഷ് സസ്പെൻഷനിലായത്.
പിന്നാലെ പ്രതിയാക്കി ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തി. ആക്ഷേപത്തിൽ സർക്കാർ നിയോഗിച്ച സമിതിയും ഉന്മേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. തൃശൂരിലേക്കുള്ള തിരിച്ചുവരവ് ജീവിതപാതയിലെ പുതിയ ചവിട്ടുപടിയാണെന്ന് ഉന്മേഷ് പറയുന്നു.
തൃശൂരിൽനിന്നും സ്ഥലംമാറ്റിയ ശേഷം ആലപ്പുഴയിലും എറണാകുളത്തുമായിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിന്റെ മികവിന് പിന്നിൽ ഡോ. ഉന്മേഷിന്റെ നിതാന്ത പ്രവർത്തനമാണെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.