2000 വേദി പിന്നിട്ട് ‘സാറാമ്മയും കേശവൻ നായരും’; നടനവിസ്മയം അമലിന്റെ കുടുംബം
text_fieldsതൃശൂർ: പതിറ്റാണ്ടുകൾക്കു മുമ്പ് വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ യാഥാർഥ്യമാക്കിയ ‘സാറാമ്മയെയും കേശവൻ നായരെയും’ അച്ഛനും അമ്മയും അവതരിപ്പിക്കുമ്പോൾ പുതുതലമുറയുടെ ‘കേശു’വായി മകനും നാടകവേദിയിലേക്ക്.
നാടക-ചലച്ചിത്ര നടൻ അമൽ രാജ് ദേവിന്റേതാണ് ഈ സജീവ നാടക കുടുംബം. ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കൃതിയാണ് ഇവർ വേദികളിൽ അവതരിപ്പിക്കുന്നത്. ബഷീർ മണക്കാട് നാടകരചന നടത്തി സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ഈ നാടകം കുടുംബം ഇതിനകം അവതരിപ്പിച്ചത് 2000 വേദികളിലാണ്.
14 വർഷമായി അമലും ഭാര്യ ദിവ്യലക്ഷ്മിയും ‘പ്രേമലേഖനം’ നാടകം കളിക്കുന്നു. വരുന്ന ഡിസംബറിൽ 2000 വേദി പിന്നിട്ടതിന്റെ ആഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. നാടകം 1000 വേദികൾ തികച്ചതിന്റെ ആഘോഷം 2017 മേയ് 21ന് ടാഗോർ തിയറ്ററിൽ വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്.
2000 വേദി പിന്നിട്ടതിന്റെ ആഘോഷം അതിലും ഗംഭീരമായി കൊണ്ടാടാനാണ് അമലിന്റെ സുഹൃത്തുക്കളുടെ ആഗ്രഹം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് അമൽ രാജ്ദേവ്. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനം പൂർത്തിയാക്കി മുഴുസമയ നാടകപ്രവർത്തനവുമായി കഴിയവെയാണ് മാവേലിക്കര സ്വദേശിയും നർത്തകിയുമായ ദിവ്യലക്ഷ്മിയെ കണ്ടുമുട്ടുന്നത്. 2008ൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ഇരുവരും ചേർന്ന് ‘പ്രേമലേഖനം’ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് വേദികളിൽനിന്ന് വേദികളിലേക്ക് പടർന്നു.
‘ചക്കപ്പഴം’ എന്ന സീരിയലിലൂടെയാണ് അമൽ കൂടുതൽ ശ്രദ്ധേയനാകുന്നത്. മാലിക്, പെരുമാനി, ക്രിസ്റ്റഫർ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, വാശി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അഭിനയിച്ച മൂന്ന് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. സിനിമയിലേക്ക് എത്തിയെങ്കിലും നാടകം തന്നെയാണ് അമലിന്റെ ജീവവായു.
മൂത്ത മകൻ ആയുഷ് ദേവ് പ്ലസ് ടു വിദ്യാർഥിയാണ്. അച്ഛന്റെയും അമ്മയുടെയും നാടകങ്ങൾക്ക് ലൈറ്റും മ്യൂസിക്കും എല്ലാം സെറ്റ് ചെയ്യുന്നത് ആയുഷ് ആയിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ നാടകവേദികളിൽനിന്ന് അവധിയെടുത്തിരിക്കുകയാണ് ആയുഷ്. ഇളയ മകൻ ആഗ്നേഷ് ദേവ് സ്കൂൾ വിദ്യാർഥിയാണ്. ഒരു വർഷമായി ആഗ്നേഷ് ആണ് ‘പ്രേമലേഖനത്തിൽ’ പുതുതലമുറ ഭാഗം അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.