നാടകം എന്നെ വിട്ടുപോയിട്ടില്ല -ഗുരു സോമസുന്ദരം
text_fieldsതൃശൂർ: നാടകത്തിന്റെ തുടർച്ചയാണ് സിനിമയെന്ന് നടനും തിയറ്റർ ആർട്ടിസ്റ്റുമായ ഗുരു സോമസുന്ദരം. തൃശൂരിൽ ഇറ്റ്ഫോക് നാടകോത്സവം കാണാനെത്തിയതായിരുന്നു അദ്ദേഹം. നാടകം ഒരു കാലത്തും വിട്ടുപോയിട്ടില്ല. നാടകത്തിന്റെ അനുഭവങ്ങളെ സിനിമയുടെ സാങ്കേതികതകളിൽ ഒതുക്കാനായെന്നതിനാലാണ് സിനിമയിൽ തുടരാനാകുന്നത്.
നാടക നടൻ ആകണമെന്നതു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. അതിനാണ് ചെന്നൈയിലെ കുത്തുപ്പട്ടറെ തിയറ്ററിൽ അഭിനയം പഠിക്കാനെത്തിയത്. പത്തു വർഷം അവിടെ തിയറ്ററിന്റെ ഭാഗമായി. 2006-7 വർഷം തൃശൂർ ഇറ്റ്ഫോക്കിൽ എത്തിയിരുന്നു. പത്മശ്രീ നാ മുത്തുസാമി ആയിരുന്നു നാടകഗുരു. ചന്ദ്രഹരി, പ്രഹ്ലാദ ചരിത്രം തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് നാലുദിവസം തൃശൂരിലുണ്ടായിരുന്നു.
മത്സര നാടകങ്ങളിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന ഊർജം വലുതാണ്. തമിഴ്നാട്ടിലെ തെരുകൂത്തിന്റെ അതേ ഘടന തന്നെയാണ് തമിഴ് സിനിമയുടെ ഘടന. നായകൻ, നായിക, തമാശക്കാരൻ, സൂത്രധാരൻ എന്നിവർ തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇപ്പോൾ കുറേ മാറ്റമുണ്ടായി. കാലത്തിനനുസരിച്ച് തിയറ്റർ മാറണം.
അതേസമയം തിയറ്ററിന്റെ അടിസ്ഥാന വേരുകൾ വിടാനും പാടില്ല. ഏഴ് വർഷം മുമ്പാണ് നാടകവേദിയിൽ അവസാനമായി എത്തിയത്. വൈകാതെ ‘സോളോ’ പെർഫോർമൻസ് ചെയ്യണമെന്നുണ്ട്. പക്ഷേ സമയം ആവശ്യമാണ്. നാടകത്തിന്റെ അനുഭവങ്ങൾ സിനിമയിലും തുടരാൻ ഇടങ്ങളുണ്ട്.
അത് കൃത്യസമയത്ത് സിനിമയിൽ ഉപയോഗപ്പെടുത്താനാകുന്നു എന്നതിനാൽ നാടകത്തെ എനിക്ക് ‘മിസ്’ ചെയ്യുന്നില്ല. നാടകവേദിയിൽ നിന്ന് ഒരു സംവിധായകൻ സിനിമയിലേക്ക് വലിച്ചിടുകയായിരുന്നു. ഇപ്പോൾ സിനിമ എന്നെ പൂർണമായും വലിച്ചെടുത്തുകഴിഞ്ഞു. തമിഴ്നാട്ടിൽ തിയറ്ററുകൾക്ക് 2010ന് ശേഷം വലിയ മാറ്റം സംഭവിച്ചു.
ഇതിനിടെ കോവിഡ് തരംഗത്തിൽ പ്രേക്ഷകർ കുറഞ്ഞു. ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ട് വരുകയാണ്. എളുപ്പമോ ഭാഗ്യമോ ആയിരുന്നില്ല മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രമായ ഷിബുവിലേക്കുള്ള പ്രവേശനം. ഏറെ പരിശ്രമ ശേഷമായിരുന്നു അത്. പക്ഷേ ആ വേഷത്തിന് ആഗോള ശ്രദ്ധയാണ് കിട്ടിയത്. 45 ഭാഷകളിലേക്ക് ആ സിനിമ ഡബ്ബ് ചെയ്തു- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.