നാടകമായിരുന്നു നിലമ്പൂർ ആയിഷക്ക് എല്ലാം
text_fieldsതൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് നാടകാഭിനയ കാലത്ത് താൻ അനുഭവിച്ച തീക്ഷ്ണമായ അനുഭവങ്ങൾ ഓർത്തെടുത്ത് ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് നടി നിലമ്പൂർ ആയിഷ. 1950കളുടെ തുടക്കത്തിലാണ് നിലമ്പൂർ ആയിഷ നാടക രംഗത്തേക്ക് കടന്നുവരുന്നത്. അന്ന് നാടകത്തിന് പോയിട്ട് പെൺകുട്ടികൾ പഠിക്കാൻ പോലും വ്യാപകമായി പോയിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല. എല്ലാ എതിർപ്പുകളെയും മറികടന്ന് അവർ തട്ടിൽ കയറി.
1935ൽ നിലമ്പൂരിലെ സമ്പന്ന കുടുംബത്തിലാണ് ആയിഷയുടെ ജനനം. പിതാവിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെ തളർത്തി. ബന്ധുവിന്റ നിർബന്ധത്തിനുവഴങ്ങി 13ാം വയസ്സിൽ 47കാരനുമായി വിവാഹിതയായി. അഞ്ച് ദിവസം നീണ്ട ബന്ധത്തിൽ ഒരു പെൺ കുഞ്ഞ് പിറന്നു. നെല്ലു കുത്തി അരിയാക്കി വിറ്റാണ് ആയിഷ കുഞ്ഞിനെ പോറ്റിയത്. ആയിടക്കാണ് നിലമ്പൂർ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക്’ എന്ന നാടകത്തിൽ അഭിനയിക്കാൻ രചയിതാവ് ഇ.കെ. അയമു ആയിഷയെ ക്ഷണിച്ചത്. സഹോദരൻ മാനു മുഹമ്മദ് പെങ്ങൾക്ക് പിന്തുണ നൽകി. ഉമ്മ എതിർപ്പ് അറിയിച്ചു. ‘രക്ഷിക്കാൻ കഴിയാത്ത ആരും നമ്മളെ ശിക്ഷിക്കുകയും വേണ്ട’ എന്ന പ്രസ്താവനയിലൂടെ അവർ നാടകവേദികളിൽനിന്നും വേദികളിലേക്ക് കഠിനവഴികൾ താണ്ടി. മറ്റൊരു നാടക പ്രവർത്തകനും നേരിടേണ്ടി വന്നിട്ടില്ലാത്ത എതിർപ്പുകളും ആക്രമണങ്ങളും ആയിഷ നേരിട്ടു.
കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ഫറോക്കിൽ ലക്ഷ്മി ടാക്കീസിലാണ് ആദ്യമായി അരങ്ങിലെത്തിയത്. മുസ്ലിം സ്ത്രീ നാടകത്തിൽ അഭിനയിക്കുന്നത് അന്ന് വലിയ വാർത്തയായി. നാദാപുരത്ത് നാടകം അവതരിപ്പിക്കവെ കല്ലേറുണ്ടായി. നെറ്റിയിൽനിന്ന് ചോരയൊലിച്ചിട്ടും നാടകം അവസാനിപ്പിച്ചില്ല. മഞ്ചേരിയിൽ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ വെടിവെപ്പുണ്ടായി. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്. ഒരിക്കൽ മേക്കപ്പ് മുറിയിൽ അതിക്രമിച്ചു കടന്ന ഒരാൾ കവിളത്ത് ആഞ്ഞടിച്ചു. കണ്ടംവെച്ച കോട്ട്, കാവ്യമേള, കുട്ടിക്കുപ്പായം, ഓളവും തീരവും, പാലേരി മാണിക്യം അടക്കമുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. പത്തൊമ്പതര വർഷം റിയാദിൽ അറബിയുടെ വീട്ടുവേലക്കാരിയായി. തിരിച്ചുവന്നും നാടകത്തിൽ സജീവമായി. ഇതിനകം 29000ലധികം വേദികളിൽ നാടകം കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.