‘വര’ എന്നും അൽയസക്ക് ‘ഈസി’; വിസ്മയിപ്പിച്ച് എം.ടിയുടെ കാരിക്കേച്ചർ
text_fieldsപെരുമ്പിലാവ്: പത്തു വയസുകാരൻ മുഹമ്മദ് അൽയസയുടേത് എന്നും വിസ്മയം തീർത്ത വരകളാണ്. അഞ്ചു വയസ്സുള്ളപ്പോൾ ഒരു മിനിറ്റ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും നിമിഷനേരത്തിൽ മോഹൻലാലിന്റെയും കാരിക്കേച്ചറും ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എക്സിറ്റ്പോൾ കാർട്ടൂണും വരച്ച് ശ്രദ്ധേയനായ ഈ വിദ്യാർഥി കഥയുടെ പെരുന്തച്ചൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് പത്തു മിനിറ്റിൽ വരച്ച കാരിക്കേച്ചർ വിസ്മയമായി. രണ്ടര വയസ്സുള്ളപ്പോൾ ചുമരിൽ കുത്തി വരച്ചാണ് ആദൂർ സ്വദേശിയായ അൽയസ ചിത്രരചന ആരംഭിച്ചത്. തുടർന്ന് പത്രങ്ങളിൽ വരുന്ന കാർട്ടൂണുകൾ അതേപടി നോക്കിവരക്കാൻ തുടങ്ങിയതോടെ വീട്ടുകാർ നൽകിയ പിന്തുണയാണ് അഞ്ചു വയസ്സ് കഴിയുമ്പോഴേക്കും കാർട്ടൂണുകൾ വരക്കാവുന്ന തരത്തിലേക്ക് ഈ വിദ്യാർഥിയെ എത്തിച്ചത്.
പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിച്ച പിന്തുണയും ഏഴ് വയസ്സാകുമ്പോഴേക്കും ലൈവ് ആർട്ട് ചെയ്യുന്ന തരത്തിലേക്ക് അൽയസയെ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഫുട്ബാൾ താരങ്ങളായ മെസ്സി, നെയ്മർ, കലാസാഹിത്യ രാഷ്ട്രീയ രംഗത്തെ കെ. സുധാകരൻ, വി.ഡി. സതീശൻ, ഗോവിന്ദൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ബിനോയ് വിശ്വം, എൻ. ഷംസീർ, പി. രാജീവ്, എൻ. ബാലഗോപാൽ, ശിവൻകുട്ടി, വി.എസ്. സുനിൽകുമാർ, തോമസ് ഐസക്, ശ്രീമതി, മാണി സി. കാപ്പൻ, രാഹുൽ മാങ്കൂട്ടത്തിൽ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ തുടങ്ങി നിരവധി പേരുടെ കാരിക്കേച്ചറുകൾ വരച്ച് സൂക്ഷിച്ചിട്ടുണ്ട്. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അൽയസ ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റും സാഹിത്യകാരനുമായ ഗിന്നസ് സത്താർ ആദൂരിന്റെയും ഷെമീന ബീവിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.