ചളിവെള്ളം; കോൺഗ്രസ് കൗൺസിലർമാരുടെ സത്യഗ്രഹം ശനിയാഴ്ച
text_fieldsതൃശൂർ: കോർപറേഷൻ പരിധിയിലെ പൈപ്പുകളിലൂടെ ചളി കലർന്ന വെള്ളം വിതരണം ചെയ്യുന്നതിന് എതിരായ സമരം കോൺഗ്രസ് ഊർജിതമാക്കുന്നു. കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിൽ വിഷു, ഈസ്റ്റർ തലേന്ന് ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അറിയിച്ചു. കോർപറേഷൻ ഓഫിസിന് മുന്നിൽ വ്യാഴാഴ്ച രാവിലെ 10ന് സൗജന്യ വിതരണം ആരംഭിക്കും. കുടിവെള്ള പ്രശ്നത്തിൽ സമരം ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച മേയർ രാജിവെക്കുക, നഗരവാസികൾക്ക് ചളിവെള്ളം കൊടുക്കുന്ന ഭരണസമിതിയെ പുറത്താക്കുക, ശുദ്ധജലം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോർപറേഷന് മുന്നിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സത്യഗ്രഹം നടത്തും.
വിഷു, ഈസ്റ്റർ, തൃശൂർ പൂരം സമയത്തുപോലും ശുദ്ധജലം നൽകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജൻ പല്ലൻ പറഞ്ഞു. രണ്ട് വർഷമായി നഗരത്തിൽ ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല. ഇത് ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ്. അനാവശ്യമായി കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങി കുഴിച്ചിട്ടത് എന്തിനെന്ന് സി.പി.എം ജില്ല നേതൃത്വം അന്വേഷിക്കണം. 165 കോടി രൂപ ചെലവഴിച്ചിട്ടും കുടിവെള്ളം ലഭിക്കാത്തതും പദ്ധതി നടത്തിപ്പും സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.