കുടിവെള്ളമില്ല, റോഡും തകർത്തു കാടുകുറ്റിയിലെ ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫിസ് സ്തംഭിപ്പിച്ചു
text_fieldsജല അതോറിറ്റി അസി. എൻജിനീയറുടെ ഓഫിസിൽ കുത്തിയിരിപ്പ് നടത്തുന്ന കാടുകുറ്റിയിലെ
ജനപ്രതിനിധികൾ
ചാലക്കുടി: അമൃത് പദ്ധതിയുടെ രണ്ടാം റീച്ച് പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കാടുകുറ്റിയിലെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ചാലക്കുടി ജല അതോറിറ്റി അസി. എൻജിനീയറുടെ ഓഫിസ് സ്തംഭിപ്പിച്ചു. വ്യാഴാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്സിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് നടത്തിയത്.
േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, േബ്ലാക്ക് പഞ്ചായത്ത് അംഗം ലീന ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, കാടുകുറ്റി പഞ്ചായത്ത് അംഗങ്ങളായ വിമൽ കുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തൃശൂരിൽ നിന്ന് എക്സിക്യൂട്ടിവ് എൻജിനീയർ എത്തി തീരുമാനം പറയാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
കാടുകുറ്റി പഞ്ചായത്തിലെ മിക്കവാറും എല്ലാ റോഡുകളും അമൃത് പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ചതിനാൽ മാസങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ജലവിതരണം, കണക്ഷൻ എന്നിവ കാര്യമായി എവിടെയും എത്തിയിട്ടില്ലെന്ന പരാതിയുണ്ട്. അഞ്ച് കോടിയുടെ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി തീർക്കേണ്ടത്.
കഴിഞ്ഞ ഡിസംബർ 31ന് തീർക്കാമെന്ന് ജല അതോറിറ്റിക്കാർ കാടുകുറ്റി പഞ്ചായത്തുമായി നേരത്തെ കരാർ ഉണ്ടായിരുന്നു. എന്നാൽ പണികൾ എവിടെയും എത്തിയില്ല. ജല അതോറിറ്റി പണി തീർക്കാത്തതിനാൽ പഞ്ചായത്തിന് 16 റോഡുകൾ ടാറിങ് നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.
ഫെബ്രുവരി ആദ്യവാരത്തിലെങ്കിലും 16 റോഡുകളിലെ പ്രവൃത്തിയെങ്കിലും ജല അതോറിറ്റി പൂർത്തീകരിച്ചില്ലെങ്കിൽ പഞ്ചായത്തിന് റോഡ് പണി നടത്താൻ കഴിയില്ല. ഇതോടെ നേരത്തെ കരാറുകാരുമായി ഉടമ്പടിയുള്ള ഒരു കോടി രൂപയുടെ റോഡ് നിർമാണം തടസ്സപ്പെടും.
പല തവണ ജല അതോറിറ്റിക്കാരുമായി ഇത് സംബന്ധിച്ച് യോഗം ചേർന്നെങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനിയും ഇത് അനിശ്ചിതമായി തുടരുമെന്നായപ്പോഴാണ് പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.