മഴുവഞ്ചേരി തുരുത്തില് കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsപടിയൂര്‍ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തില് കുടിവെള്ളത്തിനായി പൈപ്പിൻ ചുവട്ടില്‍ കാത്തിരിക്കുന്ന വയോധിക
പടിയൂര്‍: കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് പടിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മഴുവേഞ്ചരി നിവാസികള്‍. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ് ഈ തുരുത്ത്. രാത്രി വേലിയേറ്റ സമയത്ത് വീട്ടുമുറ്റം നിറയെ ഉപ്പുവെള്ളമാണ്. കുടിക്കാനായി ഒരുതുള്ളി വെള്ളത്തിനായി കേഴുകയാണ് തുരുത്തുനിവാസികള്‍. 23 ദിവസമായി വെള്ളം കിട്ടാതെ ദുരിതത്തിലാണവര്‍. കഴിഞ്ഞമാസം പൈപ്പ് പൊട്ടിയാണ് ഈ പ്രദേശത്തെ കുടിവെള്ള വിതരണം നിലക്കാന് കാരണം. സന്നദ്ധ സംഘടനകള്‍ ലോറികളില്‍ എത്തിക്കുന്ന കുടിവെള്ളത്തിനുവേണ്ടി കാത്തിരിക്കുകയാണ് പ്രദേശത്തുകാര്‍.
250ലേറെ വീടുകളുള്ള തുരുത്തില് മതിലകം പാലത്തിന്റെ വടക്കേ അറ്റത്തും അംഗൻവാടി പ്രദേശത്തുമാണ് കുടിവെള്ളം തീരെ കിട്ടാത്തത്. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്തും ജല അതോറിറ്റിയും വൈമുഖ്യം കാണിച്ചതാണ് ഇത്ര വൈകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. സന്നദ്ധ സംഘടനകള്‍ രണ്ടുദിവസമായി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും തെക്കന്‍ ഭാഗങ്ങളിലേക്ക് വെള്ളം കിട്ടിയിട്ടില്ല.
പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിര്‍മിച്ച മാരാംകുളം കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. പൊട്ടിയ പൈപ്പ് നന്നാക്കി തുരുത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എടതിരിഞ്ഞി പാപ്പാത്തുമുറി റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി വിനോദ് കീഴായില്‍ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദു, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, കലക്ടര്‍ അര്ജുൻ പാണ്ഡ്യന്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.