കുടിവെള്ളം കിട്ടാക്കനി; നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി
text_fieldsചെന്ത്രാപ്പിന്നി: മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നാഴ്ച. പരാതി പരിഹരിക്കാതെ വാട്ടർ അതോറിറ്റി. എടത്തിരുത്തി പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാർഡുകളിലാണ് 23 ദിവസമായി കുടിവെള്ളം ലഭിക്കാത്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്നതിനിടെ പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം നിലക്കാൻ കാരണമായത്. ഇതേ തുടർന്ന് ചെന്ത്രാപ്പിന്നി മുതൽ ചാമക്കാല വരെയുള്ള ഭാഗങ്ങളിൽ കുടിവെള്ളമില്ല.
ഈ മേഖലകളിൽ പലയിടത്തും കിണറുകളും മറ്റും ഉണ്ടെങ്കിലും വെള്ളത്തിന് മഞ്ഞ നിറമായതിനാൽ കുടിക്കാൻ കഴിയില്ലെന്ന് പറയുന്നു. നല്ല വെള്ളം കിട്ടുന്ന ഭാഗങ്ങളിൽ പോയാണ് പലരും കുടിവെള്ളം കൊണ്ടുവരുന്നത്. ചില വീട്ടുകാർ മഴ വെള്ളം പിടിച്ചുവെച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.
ഇത്രയും ദിവസം പിന്നിട്ടിട്ടും കുടിവെള്ളം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത പണിക്കിടെ പൈപ്പ് പൊട്ടിയാൽ എൻ.എച്ച് അതോറിറ്റിയാണ് പണി നടത്തേണ്ടതെന്നാണ് വാട്ടർ അതോറിറ്റിയുടെ വാദം.
ആരായാലും എത്രയും പെട്ടെന്ന് പൈപ്പ് നന്നാക്കി കുടിവെള്ളം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രതിഷേധ സമരവുമായി മുന്നോട്ടുവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത നിർമാണ കമ്പനി ഓഫിസിലെത്തി ജനപ്രതിനിധികൾ സമരം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.