‘കുടിവെള്ളം വരും ആഴ്ചയിൽ ഒരുവട്ടം’ ; ലഭിക്കുന്നത് ചളിവെള്ളം
text_fieldsഅന്തിക്കാട്: കുടിവെള്ളം വരുന്നത് ആഴ്ചയിൽ ഒരുവട്ടം. ടാപ്പ് തുറന്നാലോ വരുന്നത് ചാരനിറ വ്യത്യാസമുള്ള ചളിവെള്ളം. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അന്തിക്കാട് പഞ്ചായത്തിലെ കനോലി പുഴയുടെ അടുത്തുള്ള പടിയം, കൊട്ടാരപറമ്പ്, മുറ്റിച്ചൂർ, കാരാമാക്കൽ പ്രദേശങ്ങളിലുള്ളവർക്കാണ് ഈ ദുരാവസ്ഥ.
മേഖലയിലെ കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ ഇവിടത്തുകാരുടെ കുടിവെള്ളത്തിനായുള്ള ഏറെ ആശ്രയമാണ് വാട്ടർ അതോറിറ്റിയുടെ ടാപ്പുകൾ. ആഴ്ചയിൽ ഒരുദിവസമാണ് മേഖലയിലേക്ക് വെള്ളം എത്തുന്നത്. ദിവസങ്ങൾ പിന്നിട്ടാൽ ശേഖരിച്ച് വെച്ചിരുന്ന വെള്ളമെല്ലാം കഴിയും. വെള്ളത്തിനായുള്ള കാത്തിരിപ്പിനിടയിൽ കഴിഞ്ഞദിവസങ്ങളിൽ വെള്ളം എത്തിയപ്പോഴാണ് ടാപ്പ് തുറന്നപ്പോൾ കുടിവെള്ളത്തിന് മഞ്ഞ നിറവും ചിലയിടങ്ങളിൽ കറുത്ത നിറവും കാണപ്പെട്ടത്.
ഇത് കുടിച്ചാൽ പകർവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഭയപ്പാടിലാണ്. കഴിഞ്ഞ ജൂണിലും ഇത്തരത്തിൽ ടാപ്പുകളിലെ കുടിവെള്ളത്തിന് നിറവ്യത്യാസം കണ്ടതോടെ പൊതുപ്രവർത്തകനായ കെ.കെ. യോഗനാഥൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയപ്പോൾ കുറച്ച് മാസങ്ങൾ നിറവ്യത്യാസം മാറി നല്ല വെള്ളം വന്നിരുന്നു.
ഒരുഇടവേളക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ടാപ്പിൽവരുന്ന കുടിവെള്ളത്തിന് നിറവ്യത്യാസം കാണപ്പെട്ടത്. ഇതോടെ യോഗനാഥൻ വീണ്ടും വാട്ടർ അതോറിറ്റി ചേർപ്പ് സെക്ഷൻ അസി. എൻജിനീയർക്ക് പരാതി നൽകി. വേണ്ട നടപടി കൈകൊണ്ടില്ലെങ്കിൽ മനുഷ്യവകാശ കമീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് യോഗനാഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.