ചാലക്കുടി പുഴയിലെ വരൾച്ച; കേരള ഷോളയാറിൽനിന്ന് ജലം തുറന്നുവിടണമെന്ന് ആവശ്യം
text_fieldsചാലക്കുടി പുഴയുടെ ആവശ്യത്തിന്റെ മൂന്നിലൊന്ന് ജലം മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്
ചാലക്കുടി: ചാലക്കുടിപ്പുഴത്തടത്തിലെ വരൾച്ച പരിഹരിക്കാൻ കേരള ഷോളയാറിൽനിന്ന് ജലം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം വിവിധ ജനകീയ കൂട്ടായ്മകൾ ഈ പ്രശ്നം ഉന്നയിച്ച് അധികാരികൾക്ക് നിവേദനം നൽകി. ഷോളയാർ ജലവൈദ്യുതി പദ്ധതിയുടെ രണ്ട് ജനറേറ്ററുകൾ അവിചാരിതമായി തകരാറിലായതിനെത്തുടർന്നാണ് ചാലക്കുടിപ്പുഴത്തടത്തിൽ ഒരു മാസത്തോളമായി ജലക്ഷാമം അനുഭവപ്പെടുന്നത്. വൈദ്യുതോൽപാദനത്തിന് ശേഷമുള്ള ജലം പുഴയിലേക്ക് എത്തുന്നില്ല.
ഷോളയാറിലെ യന്ത്രത്തകരാർ പരിഹരിക്കാൻ ഒന്നര മാസത്തോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതി ഉൽപാദനത്തിലൂടെയും അല്ലാതെയും അധികജലം കേരള ഷോളയാറിൽനിന്ന് തുറന്നുവിട്ടാൽ മാത്രമേ പുഴത്തടത്തിലെ ജലക്ഷാമം പരിഹരിക്കാനാകൂ. വേനൽക്കാല ജല ആവശ്യങ്ങൾ നിലവിൽ പ്രധാനമായും നിറവേറ്റുന്നത് കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് വൈദ്യുതി പദ്ധതികളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം പുറത്ത് വരുന്ന വെള്ളം ഉപയോഗിച്ചാണ്. നിലവിൽ കേരള ഷോളയാറിൽ 138 ദശലക്ഷം ഘനമീറ്റർ ജലം ലഭ്യമാണ്. പെരിങ്ങൽക്കുത്തിൽ കാര്യമായ ജലശേഖരം ഇല്ല. കേരള ഷോളയാറിൽ 18 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണുള്ളത്. ഇതിൽ ഒരു ജനറേറ്റർ പ്രവർത്തിക്കാൻ സെക്കൻഡിൽ 7.5 ഘനമീറ്റർ ജലമാണ് ആവശ്യം. വേനൽക്കാലത്ത് സാധാരണ പകൽ രണ്ട് ജനറേറ്ററും വൈകുന്നേരം മൂന്ന് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് വെള്ളം പുറത്തുവിടാറുണ്ട്. ഇത് പെരിങ്ങൽക്കുത്ത് റിസർവോയറിലാണ് എത്തിച്ചേരുന്നത്. അവിടെനിന്ന് വീണ്ടും വൈദ്യുതി ഉൽപാദിപ്പിച്ച് പുഴയിലേക്ക് തുറന്നുവിടുകയാണ് പതിവ്. ചാലക്കുടി പുഴയുടെ ആവശ്യത്തിന്റെ മൂന്നിലൊന്ന് ജലം മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇതോടെ തുമ്പൂർമുഴി ജലസേചന പദ്ധതിയും വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ്. കനാലുകളിലൂടെ ജലം എത്താത്തതിനാൽ പലയിടത്തും കിണറുകൾ വറ്റിപ്പോകുന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ തുടങ്ങിയ ഉയർന്ന മേഖലയിലെ പഞ്ചായത്തുകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.