വരൾച്ച പ്രതിരോധം; ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും
text_fieldsതൃശൂർ: കടുത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാന്‍ ജലസേചനം, വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. വരള്‍ച്ച മുന്നൊരുക്കവുമായി ബന്ധപ്പെട്ട ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
പീച്ചി ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളം കുടിവെള്ളം, കൃഷി ആവശ്യങ്ങള്‍ക്ക് എത്തുന്നുണ്ടെന്ന് ജലസേചന വകുപ്പിന്റെ ടാസ്ക് ഫോഴ്സ് ഉറപ്പാക്കണം. ഡാമില്‍നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ദിവസേന നിരീക്ഷിക്കണം. തടസ്സമോ ചോർച്ചയോ ശ്രദ്ധയിൽപെട്ടാല്‍ ഉടൻ പരിഹരിക്കണം.
എല്ലാ ദിശയിലും വാലറ്റം വരെ കുടിവെള്ളം ലഭ്യമാകുന്ന തരത്തിലാവണം വെള്ളം തുറക്കേണ്ടത്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഴ്ചയില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണം. അനധികൃത ജലസംഭരണം, ജലചൂഷണം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ 0487 2332486 (മേജര്‍ ഇറിഗേഷന്‍), 0487 2332304 (മൈനര്‍ ഇറിഗേഷന്‍) എന്നീ നമ്പറുകളില്‍ അറിയിക്കണം.
ഉയര്‍ന്ന താപനിലയും മറ്റും കാരണം കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്ന സാഹചര്യമുള്ളതിനാല്‍ ഇവ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കും. വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പൈപ്പുകളുടെ അറ്റകുറ്റപ്പണി, ചോര്‍ച്ച എന്നിവ കണ്ടെത്തി ഉടന്‍ പരിഹരിക്കാനും നിര്‍ദേശം നല്കി. ഇത്തരത്തില്‍ ചോര്‍ച്ച കണ്ടെത്തിയാല്‍ 0487 2333070 എന്ന നമ്പറില്‍ ബന്ധപ്പെടണം.
തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ ജോലി സമയത്തില്‍ ഇളവ് നല്കി ക്രമീകരണം ഏര്‍പ്പെടുത്തിയ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
സൂര്യാതപം, സൂര്യാഘാതം എന്നിവ ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലേബര്‍ കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍സമയം പുനഃക്രമീകരിച്ചത്. ജില്ലയിലെ എല്ലാ തൊഴിലുടമകളും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് ഉറപ്പാക്കണം. മുന്നറിയിപ്പ് അവഗണിച്ച് ജോലി ചെയ്യുന്നതും ചെയ്യിക്കുന്നതും ശ്രദ്ധയിൽപെട്ടാല്‍ 8547655269 എന്ന നമ്പറില്‍ അറിയിക്കണമെന്നും കലക്ടർ നിർദേശിച്ചു.
കലക്ടര്‍ വി.ആര്. കൃഷ്ണതേജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സംബന്ധിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക്, പൊതുമരാമത്ത് തൃശൂർ റോഡ് എക്സി. എൻജിനീയർ എസ്. ഹരീഷ്, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ ഇ.എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.