ചാണകവെള്ള സമരം ‘നെഗറ്റീവ് ഇമേജു’ണ്ടാക്കി
text_fieldsതൃശൂർ: സമരങ്ങളും പ്രതിഷേധങ്ങളും കെ.എസ്.യു പൊളിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതി. കഴിഞ്ഞ ദിവസം തൃശൂരിലെ ചാണകവെള്ളം സമരം ചൂണ്ടിക്കാണിച്ചാണ് നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുന്നത്. ചാണകവെള്ളം സമരത്തെ ടി.എൻ. പ്രതാപൻ എം.പിയും തള്ളിപ്പറഞ്ഞിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീശക്തി സമ്മേളനത്തിനായി വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ ആൽമരം മുറിക്കുകയും നടവഴി കെട്ടിയടച്ചതിനെതിരെയും വിശ്വാസികളുടെ ഭാഗത്ത് നിന്നുള്ള ‘മാ നിഷാദ’ പ്രതിഷേധ പരിപാടിയായിരുന്നു യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇതിലേക്കാണ് കെ.എസ്.യു ചാണകവെള്ളം തെളിക്കുന്ന സമരവുമായി കയറിയത്. ഇത് പാർട്ടി നേതാക്കളോ, യൂത്ത് കോൺഗ്രസ് നേതാക്കളോ അറിഞ്ഞിരുന്നില്ല.
എന്നാൽ, ചില മാധ്യമപ്രവർത്തകരെ കെ.എസ്.യു നേതാക്കൾ അറിയിച്ചിരുന്നു. ഇതാണ് ചോർന്ന് ബി.ജെ.പി നേതാക്കളിലേക്കെത്തിയത്. ഇതോടെ സംഘം ചേർന്നെത്തി പ്രതിഷേധക്കാരെ തടയുകയും സംഘർഷമുണ്ടാവുകയും ചെയ്തു.
ചാണകവെള്ളവും നിറച്ചെത്തിയ കുപ്പി പല തവണ കെ.എസ്.യു നേതാക്കൾ ഉയർത്തിക്കാണിക്കുകയും ബി.ജെ.പി പ്രവർത്തകരെ പ്രകോപിതരാക്കുകയും ചെയ്തു. ചാണകവെള്ളം കുപ്പി ശ്രദ്ധയിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ പല തവണ കെ.എസ്.യു പ്രവർത്തകരെ മാറ്റിവിട്ടുവെങ്കിലും പോയില്ല. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
നൂറ്റാണ്ട് പഴക്കമുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പൂരം കൊടിയേറ്റ് ആൽമരം തന്ത്രിയനുമതിയില്ലാതെ മുറിച്ച് നീക്കിയതിലും ചരിത്രത്തിൽ ആദ്യമായി നടവഴി അടച്ച് കെട്ടിയതിനുമെതിരെ ഹിന്ദുക്കളുടെ ആചാരസംരക്ഷകരെന്ന് പറയുന്ന ബി.ജെ.പിക്കെതിരെ രാഷ്ട്രീയത്തിനതീതമായ എതിർപ്പുയർന്നിരുന്നു. ഇതിനെതിരെ ശക്തമായ ആയുധം കിട്ടിയിട്ടും പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തെളിച്ച് പ്രതിഷേധിക്കുന്നുവെന്ന പ്രചാരണം തിരിച്ചടിയുണ്ടാക്കിയെന്നാണ് നേതാക്കളോട് പരാതിപ്പെട്ടിരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ വൈകാരികമായി മുൻതൂക്കം ലഭിച്ച സാഹചര്യത്തെ അപക്വമായ പ്രവൃത്തിയിലൂടെ ഇല്ലാതാക്കിയെന്ന് കോൺഗ്രസ് നേതൃത്വവും വിലയിരുത്തുന്നു. അടുത്ത ദിവസം തന്നെ ടി.എൻ. പ്രതാപൻ വാർത്തസമ്മേളനം വിളിച്ചുചേർത്താണ് ചാണകവെള്ളം തെളിച്ച സമരത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞത്. എന്നാൽ, വിഷയത്തെ വർഗീയവത്കരിക്കാനും പ്രതാപന്റെ നിർദേശപ്രകാരമാണ് ചാണകവെള്ളം തെളിക്കാനെത്തിയതെന്നും ബി.ജെ.പി വൻതോതിൽ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി.
നേരത്തെ നവകേരള സദസ്സ് പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ജീവൻരക്ഷപ്രവർത്തന പരാമർശം കൂടിയായതോടെ വലിയ സ്വീകാര്യത ലഭിച്ചതിനെ എറണാകുളത്തെത്തിയപ്പോൾ ചെരുപ്പേറിലൂടെ നഷ്ടപ്പെടുത്തിയതും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കെ.എസ്.യുവിന്റെ ആലോചനയില്ലാതെയുള്ള പരിപാടികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നാണ് വിമർശനം. തൃശൂരിൽ എ, ഐ ഗ്രൂപ്പുകളുടെ കൈവശമുണ്ടായിരുന്ന കെ.എസ്.യു ഇപ്പോൾ കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ കൈയിലാണ്. അടിയന്തരമായി ഇടപെട്ട് മാർഗനിർദേശവും താക്കീതും നൽകണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിനോട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.