ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ച കേസ്; 12 വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു
text_fieldsതൃശൂർ: യുവാവിനെതിരെ കള്ളക്കേസെടുത്ത് മർദിച്ച വാടാനപ്പള്ളി പൊലീസിനെതിരെ ഹൈകോടതി നിർദേശപ്രകാരമെടുത്ത കേസിൽ വിചാരണ തുടങ്ങുന്നു. ചാവക്കാട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്നത്തെ വാടാനപ്പള്ളി എസ്.ഐ എം.പി. സന്ദീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഫൈസൽ, വിനോഷ്, ഗോപകുമാർ, ഹോംഗാർഡ് സുനിൽപ്രകാശ് എന്നിവരാണ് പ്രതികൾ.
2012 ഫെബ്രുവരിയിൽ വാടാനപ്പള്ളി സ്വദേശിയും ഡി.വൈ.എഫ്.ഐ നേതാവുമായ മുഫസലിനെ സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്തെന്നാണ് കേസ്. പൊലീസ് കെട്ടിപ്പൊക്കിയ കേസുകൾ ഹൈകോടതിയിൽ ചോദ്യം ചെയ്തതോടെയാണ് പൊലീസിനെതിരെ കേസെടുക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
2012 ഫെബ്രുവരിയിൽ വാടാനപ്പള്ളിയിൽ ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മദ്യപനെ നാട്ടുകാർ കൈയേറ്റം ചെയ്യുന്നതിനിടയിൽ കാര്യം അന്വേഷിച്ചെത്തിയ മുഫസിലിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് സുനിൽപ്രകാശ് സ്റ്റേഷനിലെത്തിച്ച് എസ്.ഐയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് തല്ലിച്ചതക്കുകയായിരുന്നു.
രാത്രി വൈകുവോളം സി.പി.എം പ്രാദേശിക നേതാക്കളുൾപ്പെടെ സ്റ്റേഷനിൽ കുത്തിയിരുന്നുവെങ്കിലും മുഫസലിനെ പുറത്തിറക്കിയില്ല. പിറ്റേന്ന് സി.പി.എമ്മിന്റെ സ്റ്റേഷൻ മാർച്ച് കൂടി ആയതോടെ തളിക്കുളം ക്ഷേത്ര ഉത്സവത്തിനിടെ മദ്യപിച്ച് അടിയുണ്ടാക്കിയെന്ന് കള്ളക്കേസുണ്ടാക്കി സ്റ്റേഷൻ മാർച്ചിനെത്തിയ നേതാക്കളുടെ ജാമ്യത്തിൽ മുഫസലിനെ വിട്ടയച്ചു.
മർദനത്തിൽ അവശനായ മുഫസിൽ ഒരാഴ്ചയോളം തൃത്തല്ലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടി വൈകിപ്പിച്ച പൊലീസ് ആറാംനാളിലാണ് മൊഴിയെടുത്തത്. എസ്.ഐക്കും പൊലീസുകാർക്കും എതിരെയായിരുന്നു മൊഴി എന്നതിനാൽ പൊലീസ് അത് പൂഴ്ത്തി. വാടാനപ്പള്ളി സ്റ്റേഷനിലെ തന്നെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐയും ആശുപത്രിയിലെത്തി മുഫസലിൽനിന്ന് വിവരം തേടിയതിൽ മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമപരമായി നീങ്ങുമെന്നും അറിയിച്ചു.
ഈ സമയത്തെ ദൃക്സാക്ഷിയായിരുന്ന ശ്രീജിത്ത് താൻ കണ്ടത് പറയുമെന്ന് അറിയിച്ചതും പൊലീസിനെ കുരുക്കിലാക്കി. ഇതോടെ ശ്രീജിത്തിനെതിരെ വ്യാജമണൽക്കടത്ത് കേസുണ്ടാക്കി. ഇതും ഹൈകോടതിയിൽ പൊലീസിന് തിരിച്ചടിയായി. ശ്രീജിത്തിന്റെ പരാതിയിലും പൊലീസിനെതിരെ നടപടിക്ക് ഹൈകോടതി ഉത്തരവിട്ടുവെങ്കിലും ഉഴപ്പുകയാണ് പൊലീസ്.
പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് മുഫസിൽ ഹൈകോടതിയെ സമീപിച്ചതിൽ 2014ലാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നതിനാൽ മുഫസിലും കേസ് വിവരങ്ങളിലേക്ക് കടന്നിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് കേസ് വിചാരണക്കെടുക്കാൻ ചാവക്കാട് കോടതി തീരുമാനിച്ചത്. ഇതനുസരിച്ച് നോട്ടീസ് നടപടികളിലേക്ക് കടന്നു. ഇതിനിടെ മുഫസലിനെതിരെ പഴയ അടിപിടി കള്ളക്കേസുമായി പൊലീസും ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.