ആമ്പല്ലൂർ, തൃക്കൂർ, ചേർപ്പ് മേഖലകളിൽ വീണ്ടും ഭൂചലനം
text_fieldsആമ്പല്ലൂർ/ചേർപ്പ്: ആമ്പല്ലൂർ, തൃക്കൂർ, ചേർപ്പ് മേഖലകളിൽ വീണ്ടും ഭൂചലനം. രണ്ട് തവണ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. തൃക്കൂർ, കല്ലൂർ, ഞെള്ളൂർ, കാവല്ലൂർ, സമീപ പ്രദേശങ്ങളായ അളഗപ്പനഗർ, വരന്തരപ്പിള്ളി, പാഴായി, കടലാശ്ശേരി, പുത്തൂർ ചെമ്പങ്കണ്ടം ഭാഗങ്ങളിലും ചേർപ്പിൽ പെരുമ്പിള്ളിശ്ശേരി ഊരകം ഞെരുവിശേരി പല്ലിശ്ശേരി കടലാശ്ശേരിയിലുമാണ് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 1.01നായിരുന്നു സംഭവം. അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടായത്. ഒരു സെക്കൻഡ് മാത്രമുണ്ടായ പ്രകമ്പനത്തോടൊപ്പം ഭൂമിക്കടിയിൽനിന്നുള്ള മുഴക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയും രാത്രിയും ഇതേ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. റവന്യൂ, ദുരന്തനിവാരണ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താൻ തക്ക ഗൗരവമില്ലാത്ത ചലനമാണുണ്ടായതെന്ന് അധികൃതർ പറയുമ്പോഴും തൃക്കൂരിൽ ഒരിടത്ത് ഭൂമിയിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു.
പൂക്കോട് കർഷക സമിതിയുടെ കോൺക്രീറ്റ് കെട്ടിടത്തിൽ നിറയെ വിള്ളൽ വീണതും ആശങ്കക്കിടയാക്കുന്നു. കലക്ടർ ഉറപ്പ് തന്നിരുന്നതുപോലെ പ്രശ്നത്തിൽ വിശദ പഠനം നടത്തണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റും തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ
നമ്പാടനും ആവശ്യ
പ്പെട്ടു.
ചേർപ്പിലെ ചില സ്ഥലങ്ങളിൽ കട്ടിലും മറ്റും ചെറിയ രീതിയിൽ അനങ്ങിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.29നും ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിൽ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടിരുന്നു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ഭൂചലനമാണെന്നറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.