മോദി ഭരണത്തിൽ ബ്രിട്ടീഷ് കാലത്തേക്കാൾ സാമ്പത്തിക അസമത്വം വളർന്നു -യെച്ചൂരി
text_fieldsതൃശൂർ റീജനൽ തിയറ്ററിൽ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതിയിൽ ‘ജനാധിപത്യം, ഫെഡറലിസം, നീതി’ സെമിനാർ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: മോദിയുടെ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നതിനേക്കാൾ ജനങ്ങൾക്കിടയിൽ സാമ്പത്തിക അസമത്വം വളർന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂർ സംഗീതനാടക അക്കാദമി റീജനൽ തിയറ്ററിൽ ഇ.എം.എസ് സ്മൃതി സംഘടിപ്പിച്ച ‘ജനാധിപത്യം, ഫെഡറലിസം, നീതി’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ നേതൃത്വത്തിലുള്ള കുത്തക-വർഗീയ കൂട്ടുകെട്ടിന്റെ ലക്ഷ്യം ലാഭം മാത്രമാണ്. ജനരോഷത്തെ വർഗീയതയും ദേശീയതയും ഉപയോഗിച്ച് വഴിതിരിച്ചുവിടാനാണ് ശ്രമം. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇവര് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരു മുസ്ലിമിനെ പോലും ബി.ജെ.പി സ്ഥാനാർഥിയാക്കിയില്ല. മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.
ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും തീയിട്ട് കൊന്ന കൊലയാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സത്യഗ്രഹം നടത്തിയ ആർ.എസ്.എസ് നേതാവിനെയാണ് ബി.ജെ.പി ഒഡിഷയിൽ മുഖ്യമന്ത്രിയാക്കിയത്. രാജ്യത്തെ ഫെഡറൽ ഘടന തകർത്ത് ഏകീകൃത ഘടന നടപ്പാക്കാനാണ് ആർ.എസ്.എസിനാൽ നിയന്ത്രിക്കുന്ന ഫാഷിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ സംരക്ഷിക്കാൻ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനുമായ എം.എം. വർഗീസ് സ്വാഗതവും ഡോ. എം.എൻ. സുധാകരൻ നന്ദിയും പറഞ്ഞു.
‘കോർപറേറ്റ് വത്കരണവും ജനാധിപത്യവും’ വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രഭാഷണം നടത്തി.
‘നവ ഉദാരവത്കരണവും നവ ഫാഷിസവും’ വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. പ്രഭാത് പട്നായ്ക്, ‘ഫെഡറൽ ധനനയവും സംസ്ഥാനങ്ങളും’ വിഷയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകി, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ. ബിന്ദു, അഡ്വ. കെ. അനിൽ കുമാർ, ഡോ. കെ.എൻ. ഗണേഷ് എന്നിവർ സംസാരിച്ചു. ദേശീയ സെമിനാർ വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.