ബാങ്കുകളിലെ ഇ.ഡി പരിശോധന; പ്രതിരോധിക്കാനാവാതെ സി.പി.എം നേതൃത്വം
text_fieldsതൃശൂർ: 25 മണിക്കൂറോളം സംസ്ഥാന നേതാവിനെ വിളിച്ചുവരുത്തി സ്വന്തം ബാങ്കുകളിൽ ഇ.ഡി പരിശോധന നടത്തുമ്പോൾ സി.പി.എം നേതൃത്വം മുൾമുനയിലായിരുന്നു. പ്രതികരണങ്ങളിലേക്ക് കടക്കാൻ മടിച്ച നേതൃത്വം പിന്നീട് രാഷ്ട്രീയ വേട്ടയും സഹകരണ മേഖലയെ തകർക്കാനുള്ള ബി.ജെ.പി നീക്കവും ഗൂഢാലോചനയും ആരോപിച്ച് രംഗത്തുവന്നു.
കരുവന്നൂർ ക്രമക്കേട് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലും സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയർമാൻ കൂടിയായ എം.കെ. കണ്ണന്റെ ബാങ്കിലും ഒരു ദിവസം നീണ്ട പരിശോധന സി.പി.എമ്മിന് നിർണായകമാണ്. നിരവധി രേഖകൾ രണ്ടിടങ്ങളിൽനിന്നുമായി ഇ.ഡി കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഒരേസമയം എട്ടിടങ്ങളിലെ പരിശോധന, വിദേശത്തുനിന്ന് കരുവന്നൂർ ബാങ്കിലെത്തിച്ച് വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകൾ വഴി പുറത്തേക്ക് കടത്തിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ എന്നിവക്കൊപ്പം അയ്യന്തോളിനും തൃശൂർ സഹകരണ ബാങ്കിനും പുറമെ ഇ.ഡിയുടെ അടുത്ത ലിസ്റ്റിലുള്ളത് ഏതെന്ന ആശങ്കയിലാണ് നേതൃത്വം. എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
എം.കെ. കണ്ണനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെയും ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും അറിയുന്നുണ്ട്. ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറും തൃശൂര് കോര്പറേഷന് സി.പി.എം കൗണ്സിലര് അനൂപ് ഡേവിസ് കാടയും ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജറായി.
എ.സി. മൊയ്തീന്റെ അടുത്ത സഹായിയും തൃശൂര് നഗരത്തിലെ പ്രധാന സി.പി.എം നേതാവുമാണ് അനൂപ് ഡേവിസ് കാട. നേരത്തേയും അനൂപിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവർക്കെതിരെ തുടർനടപടികളും സംശയത്തിലാണ്. ഇതൊക്കെ പാർട്ടിയെ കുരുക്കിലാക്കുന്നതാണ്.
നേരത്തേ സംശയനിഴലിൽ പോലുമില്ലാതിരുന്ന നേതാക്കളിലേക്ക് അന്വേഷണമെത്തുന്നതാണ് പാർട്ടി നേതൃത്വത്തെ അലട്ടുന്നത്. നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാകാതെ പാർട്ടി നേതൃത്വം വലയുകയാണ്. അന്വേഷണവും പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളും ആയുധമാക്കി ബി.ജെ.പിയും കോൺഗ്രസും സർവസന്നാഹങ്ങളുമായി ഇതിനകം രംഗത്തിറങ്ങുകയും ചെയ്തതോടെ വെട്ടിലായി.
ഒരേസമയം ഇ.ഡിയുടെ അന്വേഷണത്തെ നേരിടുകയും കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണ് സി.പി.എം നേതൃത്വത്തിന് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും ബി.ജെ.പിക്കും സി.പി.എമ്മിനെതിരെ കരുവന്നൂർ ആയുധമാകുമെന്ന് ഉറപ്പ്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പിയും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നുമാണ് സി.പി.എം വാദം.
ഇ.ഡി റെയ്ഡിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിപുലമായ കാമ്പയിനായും ഏറ്റെടുക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ സുരേഷ് ഗോപി കരുവന്നൂരിലെ ഇരകളും തൃശൂരിലേക്ക് പദയാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ബി.ജെ.പി ധർണയും സംഘടിപ്പിക്കും. സഹകാരി സംരക്ഷണ പദയാത്ര എന്നാണ് പരിപാടിക്ക് പേരിട്ടിട്ടുള്ളത്.
കോൺഗ്രസും ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ല കേന്ദ്രത്തിലും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസിനെതിരെ പുത്തൂർ സഹകരണ ബാങ്കിലെ കൊള്ളയടക്കം ചൂണ്ടിക്കാണിക്കാനുണ്ട്. ചേലക്കരയിലെ സഹകരണ ബാങ്കിൽ പാർട്ടി നേതാവിന്റെ മകന്റെ നിയമനത്തിന് നേതാവ് പണം ആവശ്യപ്പെട്ടതടക്കം ഉന്നയിച്ച് പ്രതിരോധിക്കാനുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചെന്നും അതിന് ഉന്നത നേതാക്കളുടെ പിന്തുണയുണ്ടായിരുന്നുമെന്നുമുള്ള ഗുരുതര ആരോപണത്തിന് മുന്നിൽ സി.പി.എം പ്രതിരോധം പാളുകയാണ്.
ബി.ജെ.പി-കോൺഗ്രസ് ഗൂഢാലോചന -സി.പി.എം
തൃശൂർ: 24 മണിക്കൂർ സഹകരണ ജീവനക്കാരെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വിടാതെ ഇ.ഡി നടത്തിയ പരിശോധന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. ജീവനക്കാർ ആരും ഏതെങ്കിലുമൊരു ക്രിമിനൽ കേസിൽ പോലും പ്രതിയായിട്ടുള്ളവരല്ല. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കുകയെന്നത് കോർപറേറ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്.
യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച് അതിന് വലിയ മാധ്യമ പ്രചാരണം നൽകി നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതിന് പിന്നിൽ സഹകരണ സംഘങ്ങൾ മോശമെന്ന് വരുത്തി തകർക്കാനാണ്. കൊടുങ്ങല്ലൂരിൽ കള്ളനോട്ട് അടിക്കുന്ന പ്രസ് സാമഗ്രികൾ സഹിതം ബി.ജെ.പിയുടെ പ്രാദേശിക നേതാവ് പിടിക്കപ്പെട്ടപ്പോഴും കൊടകര കുഴൽപണ കവർച്ചയിലും ഇ.ഡി അനങ്ങിയിട്ടില്ല.
മാധ്യമങ്ങൾക്ക് മുൻപേജ് വാർത്തയോ ചാനലുകൾക്ക് തുടർച്ചയോ ആയിരുന്നില്ല. സഹകരണ സംഘങ്ങളെ ഇല്ലാതാക്കാനുള്ള അജണ്ട മാധ്യമങ്ങൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങൾ കൈയൊഴിഞ്ഞ ഒരു കോൺഗ്രസ് നേതാവ് വിളമ്പുന്ന അസത്യങ്ങൾ വാർത്തയായി നൽകുന്ന മാധ്യമങ്ങൾ സ്വയം പരിശോധന നടത്തണം.
ബി.ജെ.പി രാഷ്ട്രീയ പ്രചാരണ പരിപാടികൾ നേരത്തേ തയാറാക്കിയ തിരക്കഥക്കനുസരിച്ചുള്ളതാണ്. സഹകരണ സ്ഥാപനങ്ങളിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച് ബി.ജെ.പിയുടെ ബി ടീമായി മാറുന്നതിന്റെ തെളിവാണ്. തങ്ങളുടെ സഹകരണ സ്ഥാപനങ്ങളിൽ നടന്ന ക്രമക്കേടുകളിൽ മൗനം പാലിക്കുകയും ഇടതുപക്ഷത്തെ ബി.ജെ.പിക്കൊപ്പം ചേർന്ന് ആക്ഷേപിക്കുകയുമാണ്.
ഏതെങ്കിലും കേസുകളിലെ നിയമാനുസൃത പരിശോധനക്ക് സി.പി.എം എതിരല്ല. സുതാര്യമായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്ന് ജില്ല സെക്രട്ടറി എം.എം. വർഗീസ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.