എടത്തിരുത്തി ഗ്രാമപഞ്ചായത്തും ജനമൈത്രി പൊലീസും ഇടപ്പെട്ടു; കൊച്ചാമിന ഇനി ദയ അഗതി മന്ദിരത്തിൽ
text_fieldsചെന്ത്രാപ്പിന്നി: ഒറ്റമുറി വീട്ടിൽ അവശനിലയിൽ കഴിഞ്ഞ കൊച്ചാമിനക്ക് ഇനി ദയ അഗതിമന്ദിരത്തിലെ സ്നേഹവാത്സല്യങ്ങളേറ്റ് കഴിയാം. ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടുവെന്ന തോന്നൽ ആമിനക്ക് ഇനി വേണ്ട. ദിവസങ്ങളായി ഭക്ഷണംപോലും ശരിക്കും കഴിക്കാൻ കഴിയാതിരുന്ന കൊച്ചാമിനക്ക് രക്ഷകരായത് എടത്തിരുത്തി ഗ്രാമപഞ്ചായത്തും, കയ്പമംഗലം ജനമൈത്രി പൊലീസുമാണ്. എടത്തിരുത്തി ചൂലൂരിൽ പരേതനായ വലിയകത്ത് സെയ്തുവിന്റെ ഭാര്യയാണ് 85 വയസ്സുള്ള കൊച്ചാമിന.
മക്കളില്ലാത്ത കൊച്ചാമിന ഭർത്താവ് മരിച്ചതോടെ ഒറ്റമുറി വീട്ടിൽ തനിച്ചാവുകയായിരുന്നു. അയൽവാസികളാണ് ഭക്ഷണവും സഹായങ്ങളും നൽകിയിരുന്നത്. എന്നാൽ, പ്രായാധിക്യം കൊണ്ട് അവശയായതോടെ ആമിനക്ക് ഭക്ഷണമുൾപ്പെടെ കഴിക്കാൻ പ്രയാസമാവുകയായിരുന്നു. എണീക്കാൻ പോലും പരസഹായം വേണ്ടി വന്നതോടെയാണ് സമീപവാസികൾ പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുന്നത്. തുടർന്ന് കൊച്ചാമിനയെ കയ്പമംഗലം ജനമൈത്രി പൊലീസും, പഞ്ചായത്ത് അധികൃതരും എത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം വലപ്പാട് സി. പി ട്രസ്റ്റിന്റെ ആംബുലൻസിൽ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വാർഡ് അംഗം ഗിരിജ, കയ്പമംഗലം എസ്.ഐ. ഹരിഹരൻ, സി.പി.ഒ. ധനേഷ്, ജനമൈത്രി അംഗം ഷെമീർ എളേടത്ത്, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഒ.സി.ബി കൗൺസിലർ ദിവ്യ അബീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ്, ജെ.പി.എച്ച്.എൻ സുമ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.